കൊടിയമ്മ ഇൻഡോർ സ്റ്റേഡിയം : എം.എൽ.എ.യും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

കുമ്പള: കൊടിയമ്മ ഗവ. ഹൈസ്കൂൾ മൈതാനത്തെ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമാണം എ.കെ.എം.അഷ്റഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സന്ദർശിച്ച് അവലോകനം നടത്തി.
കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ ചെലവിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ വിവിധോദ്ദേശ്യ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്.
ഇതിൽ 1.25 കോടി രൂപയാണ് ജില്ലാ വികസന പാക്കേജിൽനിന്ന് ഉൾപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമടക്കം 1.75 കോടി രൂപയ്ക്കാണ് ഭരണാനുമതി.
വോളിബോൾ, ഷട്ടിൽ, കബഡി മത്സരങ്ങൾ നടത്താനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും.
200-ലേറെ പേർക്ക് ഇരിക്കാവുന്ന ഗാലറിയുമുണ്ട്. മൂന്നേക്കറോളമുള്ള സ്കൂൾ മൈതാനത്ത് 1000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സ്റ്റേഡിയം നിർമിക്കുക. വിശ്രമമുറി, ഡ്രസിങ് മുറി, ശൗചാലയം എന്നീ സംവിധാനവുമുണ്ടാകും.
പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണച്ചുമതല. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ കുമ്പളയുടെ കായികമേഖലയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ. പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഷ്റഫ് കർള, ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, കാസർകോട് ജില്ലാ വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ്മോഹൻ, അനസ് അഷ്റഫ്, പദ്‌മനാഭൻ ബ്ലാത്തൂർ, കെ.അബ്ബാസലി, അബ്ദുല്ല ഇച്ചിലമ്പാടി, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു

