ചാമ്പ്യന്‍സ് ലീഗ്: റയലിനും സിറ്റിയ്ക്കും ലിവര്‍പൂളിനും ജയം, പി.എസ്.ജി സമനില കുരുക്കില്‍

ചാമ്പ്യൻസ് ലീഗ് ആദ്യ റൗണ്ട് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ കരുത്തരായ റയൽ മഡ്രിഡ്, മാഞ്ചെസ്റ്റർ സിറ്റി, ലിവർപൂൾ, ബൊറൂസ്സിയ ഡോർട്മുണ്ട്, അയാക്സ് ടീമുകൾക്ക് വിജയം. എന്നാൽ വിജയപ്രതീക്ഷയുമായി ഇറങ്ങിയ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജി സമനില കുരുക്കിൽ വീണു.
തുല്യ ശക്തികളുടെ പോരാട്ടത്തിൽ കരുത്തരായ ഇന്റർ മിലാനെയാണ് റയൽ മഡ്രിഡ് വീഴ്ത്തിയത്. ഗ്രൂപ്പ് ഡി യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്റെ വിജയം. 89-ാം മിനിട്ടിൽ റോഡ്രിഗോയാണ് ടീമിന് വേണ്ടി വിജയ ഗോൾ നേടിയത്. ഗ്രൂപ്പ് ഡി യിലെ മറ്റൊരു മത്സരത്തിൽ ഷക്തർ ഡോണെസ്കിനെ താരതമ്യേന ദുർബലരായ ഷെറിഫ് അട്ടിമറിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഷെറിഫിന്റെ വിജയം. അഡമ ട്രയോരെയും മോമോ യാൻസാനെയും ടീമിനായി ലക്ഷ്യം കണ്ടു.
നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി മൂന്നിനെതിരേ ആറുഗോളുകൾക്ക് ആർ.ബി ലെയ്പ്സിഗിനെ തകർത്തു. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ സിറ്റിയ്ക്ക് വേണ്ടി നതാൻ അകെ, റിയാദ് മെഹ്റെസ്, സൂപ്പർതാരം ജാക്ക് ഗ്രീലിഷ്, ജോവാൻ കാൻസെലോ, ഗബ്രിയേൽ ജെസ്യൂസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ നോർഡി മുകിയേലിയുടെ സെൽഫ് ഗോളും നീലപ്പടയ്ക്ക് തുണയായി. ലെയ്പ്സിഗിനായി ക്രിസ്റ്റഫർ എൻകുനു ഹാട്രിക്ക് നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ പി.എസ്.ജിയെ താരതമ്യേന ദുർബലരായ ക്ലബ്ബ് ബ്രഗ്ജ് സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
15-ാം മിനിട്ടിൽ ആൻഡർ ഹെരേരയിലൂടെ പി.എസ്.ജിയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 27-ാം മിനിട്ടിൽ ഹാൻസ് വനാകെനിലൂടെ ക്ലബ്ബ് ബ്രഗ്ജ് സമനില ഗോൾ നേടി. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയ്ക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി അരങ്ങേറ്റം കുറിച്ചു. മെസ്സി, നെയ്മർ, എംബാപ്പെ തുടങ്ങിയ പ്രമുഖ താരങ്ങൾ കളത്തിലിറങ്ങിയിട്ടും പി.എസ്.ജിയ്ക്ക് വിജയം നേടാനായില്ല.
ഗ്രൂപ്പ് ബി യിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ലിവർപൂൾ കരുത്തരായ എ.സി.മിലാനെയാണ് കീഴടക്കി. രണ്ടിനെതിരേ മൂന്നൂ ഗോളുകൾക്കാണ് ടീമിന്റെ വിജയം. മുഹമ്മദ് സല, ജോർദാൻ ഹെൻഡേഴ്സൺ എന്നിവർ ലിവർപൂളിന് വേണ്ടി സ്കോർ ചെയ്തപ്പോൾ ഫിക്കായോ ടൊമോറിയുടെ സെൽഫ് ഗോളും ടീമിന് തുണയായി. ആന്റെ റെബിച്ച്, ബ്രാഹിം ഡയസ് എന്നിവർ മിലാന് വേണ്ടി വലചലിപ്പിച്ചു. ദീർഘകാലത്തിനുശേഷമാണ് എ.സി.മിലാൻ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ലാ ലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മഡ്രിഡ് സമനിലക്കുരുക്കിൽ വീണു. പോർട്ടോയാണ് അത്ലറ്റിക്കോയെ ഗോൾരഹിത സമനിലയിൽ കുടുക്കിയത്. മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും സുവാരസിനും സംഘത്തിനും അത് മുതലാക്കാനായില്ല.
ജർമൻ വമ്പന്മാരായ ബൊറൂസ്സിയ ഡോർട്മുണ്ട് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ബെസിക്റ്റാസിനെ കീഴടക്കി. ഗ്രൂപ്പ് സി യിൽ നടന്ന മത്സരത്തിൽ ഡോർട്മുണ്ടിനായി ജൂഡ് ബെല്ലിങ്ങാം, എർലിങ് ഹാളണ്ട് എന്നിവർ സ്കോർ ചെയ്തപ്പോൾ ഫ്രാൻസിസ്കോ മോൺടെറോ ബെസിക്റ്റാസിന്റെ ആശ്വാസ ഗോൾ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ അയാക്സ് സ്പോർട്ടിങ്ങിനെ ഒന്നിനെതിരേ ആറു ഗോളുകൾക്ക് തകർത്തു. നാലു ഗോളടിച്ച് മിന്നും പ്രകടനം കാഴ്ചവെച്ച സെബാസ്റ്റ്യൻ ഹാളറാണ് ടീമിന്റെ വിജയശിൽപി. സ്റ്റീവൻ ബെർഗ്യൂയിസും സ്കോർ ചെയ്തു. സ്പോർട്ടിങ്ങിനായി പൗളീന്യോ ആശ്വാസ ഗോൾ നേടി. ഇതോടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ റൗണ്ട് ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു.

