KSDLIVENEWS

Real news for everyone

‘വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു ‘: മന്ത്രി വാസവനെതിരെ സമസ്ത

SHARE THIS ON

വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പ്രകീര്‍ത്തിച്ച മന്ത്രി വി.എന്‍ വാസവനെതിരെ സമസ്ത. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി യെന്ന് സമസ്ത മുഖപത്രത്തില്‍ ലേഖനം. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു. ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനത്തില്‍ കുറ്റപ്പെടുത്തി.

ഇന്നലെ മന്ത്രി വാസവന്‍, പാലാബിഷപ്പ് ഹൗസില്‍ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവര്‍ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് എല്‍.ഡി.എഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാന്‍ താല്‍പര്യമുണ്ടെന്നാണ് എഡിറ്റോറിയില്‍ പേജില്‍ എഴുതിയ ലേഖനത്തിലൂടെ മുസ്തഫ മുണ്ടുപാറ ചോദിക്കുന്നത്.

എങ്ങനെയാണ് ഒരു മതവിഭാഗത്തെ അടച്ച്‌ ആക്ഷേപിക്കുന്നൊരു പുരോഹിതന് മന്ത്രിക്ക് പോയി ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുക എന്നും ‘വിദ്വേഷ പ്രചാരണം വേട്ടക്കാരന് ഹലേലുയ്യ പാടുമ്ബോള്‍’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

അതേസമയം വിദ്വേഷ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് സമസ്ത രംഗത്ത് എത്തി. പാലാ ബിഷപ്പിന്‍റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവും തു‍ട‍‍ര്‍ന്നുള്ള വിവാദവും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന നിലപാടാണ് സമസ്തക്ക്. വിദ്വേഷ പ്രസംഗ വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്ന് സമസ്ത ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ജിഹാദിനെക്കുറിച്ച്‌ തെറ്റായ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ ജിഹാദിന്‍റെ ഇസ് ലാമിക പരികല്പന വിശദീകരിക്കാന്‍ പ്രചാരണം നടത്താനും സമസ്ത ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!