ലോട്ടറി രാജാവിന്’ വീണ്ടും 10 കോടി! പ്രവാസി വ്യവസായിക്ക് ഇത് ജീവിതത്തിലെ മൂന്നാമത്തെ ‘ബംബർ’; ദുബായ് ഭാഗ്യനഗരമെന്ന് ‘കോടീശ്വരൻ

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ രണ്ടാം തവണയും പത്ത് കോടിയോളം രൂപ (10 ലക്ഷം ഡോളർ) സമ്മാനമായി നേടി ലെബനീസ് വ്യവസായി. സ്വന്തം നാടായ ബെയ്റൂട്ടിൽ ഒരു നിർമാണക്കമ്പനി നടത്തുന്ന 53 കാരനായ ആന്റോയിൻ ലബാക്കിയെയാണ് ഈ അപൂർവഭാഗ്യം തേടിയെത്തിയത്.
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ രണ്ടു തവണ മില്ലേനിയം മില്യനയർ സമ്മാനം നേടുന്ന 12-ാമത്തെ വ്യക്തിയാണ് ലബാക്കി. ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന നറുക്കെടുപ്പിലാണ് ഈ മാസം 17 ന് ഓൺലൈനായി വാങ്ങിയ 3360 എന്ന ടിക്കറ്റിലൂടെ അദ്ദേഹം ഈ വലിയ തുക സ്വന്തമാക്കിയത്.
2018 ഓഗസ്റ്റിലും അദ്ദേഹം 10 ലക്ഷം ഡോളർ സമ്മാനമായി നേടിയിരുന്നു. അതിനു മുൻപ്, 2004 ഓഗസ്റ്റിൽ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സർപ്രൈസ് പ്രമോഷനിൽ ഒരു ബിഎംഡബ്ല്യു കാറും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് ദുബായ് ഡ്യൂട്ടി ഫ്രീ ലബാക്കിയുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നത്.
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
∙ ആദ്യ സമ്മാനത്തുക നഷ്ടപ്പെട്ടു; ഇത്തവണ ദുബായിൽ തന്നെ നിക്ഷേപിക്കും
കഴിഞ്ഞ തവണ ലഭിച്ച 10 ലക്ഷം ഡോളർ അദ്ദേഹം ബെയ്റൂട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും വിചാരിച്ചതുപോലെ അത് ഉപയോഗിക്കാനായില്ല. ആ തുക മുഴുവനായി നഷ്ടപ്പെട്ടുവെന്നും ലബാക്കി വെളിപ്പെടുത്തി. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇത്തവണ ലഭിച്ച സമ്മാനത്തുക ദുബായിൽ തന്നെ നിലനിർത്താനും നിക്ഷേപിക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. ദുബായിൽ ഒരു വീട് വാങ്ങാനും തന്റെ നിർമാണ ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കാനും അദ്ദേഹം പദ്ധതിയിടുന്നു. ലബാക്കിയുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ദുബായ് ആണ്.
∙ അപ്രതീക്ഷിതമായ കോളും പഴയ പരിചയവും
സമ്മാനം ലഭിച്ച വിവരം അറിയിക്കാൻ വിളിച്ച വ്യക്തിയെ ശബ്ദം കേട്ട് തന്നെ തനിക്ക് മനസ്സിലായെന്ന് ലബാക്കി പറയുന്നു. കഴിഞ്ഞ തവണ വിളിച്ച അതേ വ്യക്തി തന്നെയായിരുന്നു ഇത്തവണയും വിളിച്ചത്. ടിക്കറ്റ് നമ്പറിനെക്കുറിച്ച് ചോദിച്ചപ്പോൾ തന്നെ തനിക്ക് വീണ്ടും സമ്മാനം ലഭിച്ചുവെന്ന് അദ്ദേഹം ഉറപ്പിച്ചു. സഹോദരിക്കൊപ്പമിരുന്ന് കോഫി കുടിക്കുമ്പോഴാണ് ലബാക്കിക്ക് ഈ സന്തോഷവാർത്ത ലഭിക്കുന്നത്. പിന്നീട് ഭാര്യയും മൂന്ന് മക്കളും ഈ സന്തോഷത്തിൽ പങ്കുചേർന്നു. കുടുംബത്തോടൊപ്പം ദുബായിലെത്തി വിജയം ആഘോഷിക്കാനാണ് ലബാക്കിയുടെ പ്ലാൻ.
∙ 2004 മുതൽ ദുബായ് ഡ്യൂട്ടി ഫ്രീയുമായുള്ള ബന്ധം
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുമായി ലബാക്കിക്ക് ബന്ധമുണ്ട്. 2004–ൽ ദുബായ് വിമാനത്താവളത്തിൽ വളരെ തിടുക്കത്തിൽ വാങ്ങിയ ടിക്കറ്റിലൂടെയാണ് ബിഎംഡബ്ല്യു കാർ സമ്മാനമായി ലഭിച്ചത്. അതിനുശേഷം, മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചപ്പോഴും അദ്ദേഹം ടിക്കറ്റുകൾ വാങ്ങിയിരുന്നു. എന്നാൽ എല്ലാ മാസവും ടിക്കറ്റ് എടുക്കുന്ന ശീലമില്ലായിരുന്ന ലബാക്കി വർഷത്തിൽ രണ്ടു മൂന്നു തവണ മാത്രമേ ടിക്കറ്റ് എടുത്തിരുന്നുള്ളൂ. എന്നാൽ മൂന്നാം തവണയും വിജയിയായതോടെ എല്ലാ മാസവും ടിക്കറ്റ് എടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ദുബായ് എന്ന നഗരത്തെ ഞാൻ സ്നേഹിക്കുന്നു. അത് എനിക്ക് വീണ്ടും ഭാഗ്യം കൊണ്ടുവരുമെന്ന് ഉറപ്പായിരുന്നു. കാരണം ദുബായ് ജനങ്ങൾക്ക് ഒരുപാട് നൽകുന്ന നഗരമാണ്. ദുബായ് ഡ്യൂട്ടി ഫ്രീ എനിക്ക് ഈ ലോകം തന്നെയാണ് തന്നത്,-ലബാക്കി വികാരഭരിതനായി പറയുന്നു. കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറാനും പുതിയൊരു ജീവിതം ആരംഭിക്കാനുമുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോൾ.

