വീണ്ടും ഐ.പി.എല്‍: മുംബൈയുടെ എതിരാളി ചെന്നൈ

ഐ.പി.എല്‍ പതിനാലാം സീസണ്‍ നാളെ (ഞായര്‍) ദുബൈയില്‍ പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. യുഎഇ സമയം വൈകീട്ട് ആറിന് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
അബൂദബിയിലും ഷാര്‍ജയിലും മത്സരം കാണാന്‍ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ദുബൈ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന ഫലം ആവശ്യമില്ല. വാക്സിനെടുത്തവര്‍ക്ക് മാത്രമാണ് എല്ലാ സ്റ്റേഡിയങ്ങളിലേക്കും പ്രവേശനം.
ഷാര്‍ജയിലും അബൂദബിയിലും അല്‍ഹുസ്ന്‍ ആപ്പില്‍ പച്ച സിഗ്നല്‍ ലഭിക്കണം. ഷാര്‍ജയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്സിനേഷനും കോവിഡ് പരിശോധനയും നിര്‍ബന്ധമില്ല. ദുബൈയില്‍ 12 വയസില്‍ താഴെയുള്ളവര്‍ക്കാണ് ഇളവ്. അബൂദബിയില്‍ 12 – 15 വയസിനിടയില്‍ ഉള്ളവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമില്ലെങ്കിലും കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാണ്. 12 വയസില്‍ താഴെയുള്ളവര്‍ക്ക് രണ്ടും നിര്‍ബന്ധമില്ല.
അതേസമയം, മറ്റ് സ്റ്റേഡിയങ്ങളിലെയും ടിക്കറ്റ് നിരക്ക് പുറത്തുവന്നു. ഏറ്റവും കുറവ് അബൂദബിയിലാണ്, 60 ദിര്‍ഹം. ദുബൈയിലും ഷാര്‍ജയിലും ഏറ്റവും കുറഞ്ഞ നിരക്ക് 200 ദിര്‍ഹമാണ്. പല മത്സരങ്ങള്‍ക്കും പല രീതിയിലാണ് ടിക്കറ്റ് നിരക്ക്. ഇംഗ്ലണ്ടിലെ പര്യടനത്തിന് ശേഷം യു.എ.ഇയില്‍ എത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം പരിശീലനം തുടങ്ങി. ഫൈനല്‍ ഉള്‍പ്പെടെ 31 മത്സരങ്ങളാണ് യു.എ.ഇയില്‍ നടക്കുന്നത്.

