പഞ്ചാബ് മുഖ്യമന്ത്രി രാഹുലിന്റെ കാല്‍ തൊടുന്ന വീഡിയോ വൈറലായി; കോണ്‍ഗ്രസ് സംസ്‌കാരമെന്ന് വിമര്‍ശനം

ചണ്ഡീഗഢ്: കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ കാലിൽ തൊടുന്ന തരത്തിലുള്ള വീഡിയോ വൈറലായി. ഇതോടെ കോൺഗ്രസിനെതിരെ കടുത്ത വിമർശവുമായി ബിജെപിയും ആം ആദ്മി പാർട്ടിയും അടക്കമുള്ളവ രംഗത്തെത്തി. കോൺഗ്രസിന്റെ സംസ്കാരമാണ് വീഡിയോയിലൂടെ വെളിപ്പെട്ടതെന്ന് അവർ കുറ്റപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയുടെ വിശ്വസനീയത ഉറപ്പാക്കിയിട്ടില്ല.
ചരൺജിത്ത് സിങ് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത രാഹുൽഗാന്ധി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ചന്നി മുഖ്യമന്ത്രി ആകുന്നതിനെ ഒരു പുതിയ തുടക്കം എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിനെത്തിയ രാഹുൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ സന്ദർശിക്കാൻ കൂട്ടാക്കിയില്ല.
കോൺഗ്രസ് ഹൈക്കമാൻഡിൽനിന്ന് അപമാനം നേരിട്ടുവെന്ന് ആരോപിച്ച് അമരീന്ദർ സിങ് കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തിയ ചരൺജിത്ത് സിങ് ചന്നി പഞ്ചാബിലെ ആദ്യ ദളിത് വിഭാഗത്തിൽപ്പെട്ട മുഖ്യമന്ത്രിയാണ്.
തിങ്കളാഴ്ച അധികാരമേറ്റ ചന്നി ചെറിയ കുടുംബങ്ങൾക്ക് സൗജന്യമായി ശുദ്ധജലം നൽകുമെന്നും വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി എന്ന നിലയിൽ ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ താൻ തീർത്തും സാധാരണക്കാരനാണെന്ന് ചന്നി അവകാശപ്പെട്ടിരുന്നു. പാവപ്പെട്ടവനായ തന്നെ മുഖ്യമന്ത്രിയാക്കിയതിന് കോൺഗ്രസ് ഹൈക്കമാൻഡിനോട് അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.

