പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണം -സുപ്രീംകോടതി

തിരുവനന്തപുരം: പ്രത്യേക ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്ന പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് 2020 സുപ്രീം കോടതി നിർദേശിച്ചു. പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദ്ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിനുശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വർഷത്തെ വരവുചെലവ് കണക്കുകൾ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യാൻ 2020 ൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ക്ഷേത്രത്തിന്റെ ഭരണസമിതിയും, ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. വരവുചെലവ് കണക്ക് ഹാജരാക്കാൻ ഓഡിറ്റിങ് സ്ഥാപനം നിർദേശിച്ചിരുന്നു എങ്കിലും ട്രസ്റ്റ് അതിനോട് സഹകരിച്ചിരുന്നില്ല. ബുധനാഴ്ചത്തെ കോടതി ഉത്തരവോടെ ട്രസ്റ്റിന് പ്രത്യേക ഓഡിറ്റുമായി സഹകരിക്കേണ്ടി വരും.
1965 ൽ ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ചത്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ നടത്തുന്നിന് വേണ്ടി ആയിരുന്നു ഇത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ല എന്നും സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടെനിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ല എന്ന് അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യവും, നേരത്തെ കണക്കുകൾ ഓഡിറ്റ് ചെയ്ത വിനോദ് റായിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ക്ഷേത്രത്തിന്റെ ദൈനംദിനം ചെലവുകൾക്ക് പണം നൽകേണ്ട ട്രസ്റ്റിന്റെ കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്ന് ഭരണസമിതി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും സഹകരിച്ചാൽ മാത്രമേ കഴിയുകയുള്ളു എന്ന് ഭരണസമിതി അധ്യക്ഷൻ ജസ്റ്റിസ് പി. കൃഷ്ണകുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു

