KSDLIVENEWS

Real news for everyone

ബൈക്ക് റേസിം​ഗിനിടെ അപകടം: യുവാവിന്‍്റെ കാലൊടിഞ്ഞു തൂങ്ങി, നാട്ടുകാരുടെ തല്ലും കിട്ടി

SHARE THIS ON

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്‍്റെ കാല് അപകടത്തില്‍പ്പെട്ട് ഒടിഞ്ഞു തൂങ്ങി.

റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്‍്റെ കാലാണ് ബൈക്ക് റേസിംഗിനിടെയുണ്ടായ അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയത്.

ബൈക്കില്‍ അമിത വേഗതയില്‍ ഓടിച്ചു വന്ന ഉണ്ണികൃഷ്ണന്‍ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണന്‍്റെ ബൈക്കിലേക്ക് ഇടിച്ചു കേറുകയും രണ്ട് വണ്ടികള്‍ക്കിടയില്‍പ്പെട്ട ഇയാളുടെ കാല്‍ ഒടിഞ്ഞു തൂങ്ങുകയുമായിരുന്നു. ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ചേര്‍ന്ന് ഉണ്ണികൃഷ്ണനെ തല്ലുന്നതും ഇയാളുടെ കൂട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി കൊണ്ടു പോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാര്‍ ഡാം റിസര്‍വോയറിനോട് ചേര്‍ന്നുള്ള റോഡില്‍ റേസിംഗ് നടത്തിയതെന്നാണ് വിവരം.

കഴിഞ്ഞ കുറച്ചു കാലമായി നെയ്യാര്‍ ഡാം കേന്ദ്രീകരിച്ച്‌ യുവാക്കള്‍ ബൈക്ക് റൈസിംഗ് നടത്തുന്നുവെന്ന പരാതി പ്രദേശവാസികള്‍ക്കുണ്ട്. അമിത വേഗതയിലുള്ള ഇവരുടെ ബൈക്കോട്ടം മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായി യുവാവിന്‍്റെ കാലൊടിഞ്ഞു തൂങ്ങുന്ന നിലയുണ്ടായത്. ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!