KSDLIVENEWS

Real news for everyone

പാലാ ബിഷപ്പ് പ്രസ്താവന; തുടര്‍ ചര്‍ച്ചകള്‍ ആവശ്യമില്ല, സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച്‌ കഴിഞ്ഞു; മുഖ്യമന്ത്രി

SHARE THIS ON

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച്‌ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമില്ലെന്ന് എല്‍ ഡി എഫ് നേതൃയോഗം തീരുമാനിച്ചു. അതിനാല്‍ ഇടതുമുന്നണി യോഗത്തില്‍ വിഷയം ചര്‍ച്ചയായില്ല.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശവും വിവാദവും നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു

വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രമാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മതപരിവര്‍ത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകുമെന്നും പറഞ്ഞു. കൂടാതെ സാമുദായിക സ്പര്‍ധയ്ക്ക് കാരണമാകും വിധം വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും പിന്തുണക്കുന്നവരെയും തുറന്നുകാട്ടാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

ഇതിനിടെ ഈ മാസം 27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ ബന്ദിനെ അനുകൂലിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!