അമരീന്ദർ ബിജെപിയിലേക്ക്?; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തി. പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നതിനിടയിലാണ് അമരീന്ദർ ഡൽഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.
മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം ആദ്യമായിട്ടാണ് അമരീന്ദർ ഇന്നലെ ഡൽഹിയിലെത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് എത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അമിത് ഷായുടെ വസതിയിലെത്തിയിരിക്കുന്നത്.
ഇതിനിടെ കോൺഗ്രസ് ഹൈക്കമാൻഡിനെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് നാടകീയനീക്കത്തിലൂടെ നവ്ജോത് സിങ് സിദ്ദു പഞ്ചാബിലെ പാർട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി അമരീന്ദർസിങ്ങിനെ മാറ്റുകയും മന്ത്രിസഭ അടിമുടി അഴിച്ചുപണിയുകയും ചെയ്തതിനു പിന്നാലെയാണ് പി.സി.സി. അധ്യക്ഷന്റെ അപ്രതീക്ഷിത രാജി.
കഴിഞ്ഞ ജൂലായിലാണ് സിദ്ദു പഞ്ചാബ് പി.സി.സി. അധ്യക്ഷനായി ചുമതലയേറ്റത്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന്റെ എതിർപ്പ് അവഗണിച്ചുകൊണ്ടായിരുന്നു ഈ നിയമനം. സംസ്ഥാനത്ത് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയും കടുത്ത ശീതസമരത്തിന്റെ പാതയിലായത് ഹൈക്കമാൻഡിന് വലിയ തലവേദനയായി. അങ്ങനെയാണ് അമരീന്ദറിനെ മാറ്റി ചരൺജിത് സിങ് ചന്നിയെ പുതിയ മുഖ്യമന്ത്രിയായി നിയമിച്ചത്.

