റോഹിങ്ക്യന്‍ നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു

റോഹിങ്ക്യന്‍ മുസ്ലിംകളുടെ നേതാവ് മുഹമ്മദ് മുഹിബ്ബുല്ലയെ വെടിവെച്ചുകൊന്നു. ബംഗ്ലാദേശിലെ ഉഖിയയിലെ അഭയാര്‍ഥി ക്യാമ്ബിലാണ് അജ്ഞാതരുടെ വെടിയേറ്റ് മുഹിബ്ബുല്ല മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
ഇന്നലെ രാത്രി 8:30ഓടെയാണ് ആക്രമണമുണ്ടായത്. രാത്രി നമസ്കാരത്തിന് ശേഷം കുതുപലോങ്ങിലെ ഓഫീസിന് പുറത്ത് അഭയാര്‍ഥി നേതാക്കളുമായി സംസാരിക്കവെയാണ് നാലംഗ സംഘം മുഹിബുല്ലക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റപ്പോള്‍ ആദ്യം മുഹിബ്ബുല്ലയെ പ്രദേശത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ പിന്നീട് കോക്സ് ബസാര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം സംഭവിച്ചത്.
റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പ്രമുഖ സംഘടനകളിലൊന്നായ അരകന്‍ റോഹിങ്ക്യ സൊസൈറ്റി ഫോര്‍ പീസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സിന്റെ (എആര്‍എസ്പിഎച്ച്) ചെയര്‍മാനായിരുന്നു മുഹിബുല്ല. അധ്യാപകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ യോഗങ്ങളില്‍ അഭയാര്‍ഥികളുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ വൈറ്റ്ഹൌസ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി. മ്യാന്മറില് റോഹിങ്ക്യന്‍ മുസ്ലിംകള് നേരിടുന്ന പീഡനങ്ങള്‍ വിശദീകരിച്ചു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല. അരകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയാണ് മുഹിബുല്ലയെ വധിച്ചതെന്ന് റോഹിങ്ക്യന്‍ നേതാവ് എ.എഫ്.പിയോട് പറഞ്ഞു. മുഹിബുല്ലയുടെ വധത്തിന് പിന്നാലെ ബംഗ്ലാദേശിലെ 34 റോഹിങ്ക്യന്‍ ക്യാമ്ബുകള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് വക്താവ് റഫീഖുല്‍ ഇസ്ലാം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി കേന്ദ്രമായ കുതുപലോംഗ് ക്യാമ്ബിനുള്ളിലെ എആര്‍എസ്പിഎച്ച് ഓഫീസില്‍ റോഹിങ്ക്യന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 7,40,000 അഭയാര്‍ഥികളാണ് ഈ ക്യാമ്ബില്‍ കഴിയുന്നത്.

