ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തന്മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ലിവര്‍പൂള്‍. ലിവര്പൂളിനന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. മികച്ച പന്തടക്കത്തോടെ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി ആദ്യപകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലെ 59ാം മിനിറ്റില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്. എന്നാല്‍ പത്ത് മിനിറ്റിന് ശേഷം മികച്ച മുന്നേറ്റത്തിലൂടെ സിറ്റി സമനില ഗോള്‍ നേടി. ഫില്‍ ഫോഡനായിരുന്നു (69) സിറ്റിക്കായി ഗോള്‍ നേടിയത്. എഴുപത്തിയാറാം മിനിറ്റില്‍ മുഹമ്മദ് സാലയുടെ ഗോളില്‍ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി.
എന്നാല്‍ എണ്‍പത്തിയൊന്നാം മിനിറ്റില്‍ കെവിന് ഡിബ്രുയ്ന് ലിവര്‍പൂളിന്റെ വല കുലുക്കിയതോടെ സ്കോര്‍ 2-2 എന്ന നിലയിലെത്തി. പിന്നീട് ഇരുടീമുകളും ആക്രമണം അഴിച്ചുവിട്ടെങ്കിലും ഗോള്‍ നേടാനായില്ല. സമനിലയോടെ ഏഴ് കളികളില്‍ നിന്ന് 15 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാംസ്ഥാനത്തും ഇത്രയും കളികളില്‍ നിന്ന് 14 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്.
പ്രീമിയര്‍ലീഗിലെ മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാം ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. മറ്റൊരു മത്സരത്തില്‍ ബ്രാന്‍ഡ്ഫോര്‍ഡ് വെസ്റ്റ്ഹാമിനെ തോല്‍പ്പിച്ചപ്പോള്‍ ക്രിസ്റ്റല്‍ പാലസ് ലെസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു.

