ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി; പ്രതികളെ ഈ മാസം 13 വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെ ഈ മാസം 13 വരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടു. മയക്കുമരുന്ന് റാക്കറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് എന്‍സിബി അറിയിച്ചു.
ഇതിനിടെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരു മലയാളി അറസ്റ്റിലായി. ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്ന് കണ്ടെത്തി. ശ്രേയസ് എന്‍സിബി കസ്റ്റഡിയിലാണ്. ഇയാള്‍ ആര്യന്‍ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. പണം കൈമാറിയതിനെക്കുറിച്ച് വാട്സ് ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്നും പ്രതികള്‍ ആശയ വിനിമയത്തിനായി പല രഹസ്യ കോഡുകളും ഉപയോഗിച്ചെന്നും എന്‍ സി ബി വ്യക്തമാക്കി
കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. കപ്പലില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്.

