പ്രിയങ്ക, നീ പിന്മാറില്ലെന്ന് എനിക്കറിയാം, നിന്റെ ധൈര്യത്തിന് മുന്നില് അവര് ഭയന്നു; രാഹുല് ഗാന്ധി

ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ ധൈര്യത്തിന് മുമ്പിൽ ഉത്തർ പ്രദേശ് ഭരണകൂടം ഭയന്നുപോയെന്ന് രാഹുൽ ഗാന്ധി. ഉത്തർ പ്രദേശിലെ ലഖിംപുർ ഖേഡിയിലെ സംഘർഷ സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പോലീസ് തടയുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സഹോദരിയെ പിന്തുണച്ച് രാഹുൽ രംഗത്തെത്തിയത്.
‘പ്രിയങ്കേ…നീ പിന്മാറില്ലെന്ന് എനിക്കറിയാം. നിന്റെ ധൈര്യത്തിന് മുന്നിൽ അവർ ഭയന്നു. നീതിക്കായുള്ള ഈ അഹിംസാ സമരത്തിൽ രാജ്യത്തിന്റെ അന്നദാതാക്കളെ നാം വിജയിപ്പിക്കും’-രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കർഷക പ്രക്ഷോഭത്തിനിടെ എട്ടുപേർ കൊല്ലപ്പെട്ട ലഖിംപുർ ഖേഡിയിലേക്കുള്ള യാത്രയ്ക്കിടെ ലഖ്നൗവിൽനിന്ന് 90 കിലോമീറ്റർ അകലെയുള്ള സീതാപുറിൽവച്ചാണ് പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അവരും പോലീസും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ആദ്യം പുറത്തുവന്നിരുന്നു.
ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങൾക്കിടെ കൊല്ലപ്പെട്ടകർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനാണ് പ്രിയങ്ക ലഖിംപുർ ഖേഡിയിലേക്ക് പോയത്. കസ്റ്റഡിയിലെടുത്ത ശേഷം അവരെ തടഞ്ഞുവച്ച ഗസ്റ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടി കോൺഗ്രസ് പ്രവർത്തകർ പോലീസിനെതിരെ പ്രതിഷേധിച്ചിരുന്നു. പ്രിയങ്ക അടക്കമുള്ള നേതാക്കളെ പോലീസ് കൈയേറ്റം ചെയ്തുവെന്നും പ്രവർത്തകർ ആരോപിച്ചിരുന്നു.
കേന്ദ്രമന്ത്രി അജയ് കുമാർ മിശ്ര, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഞായറാഴ്ച ലഖിംപുർ ഖേഡിയിൽ സംഘർഷമുണ്ടായത്. കേന്ദ്രമന്ത്രിയുടെ മകൻ സഞ്ചരിച്ച കാർ പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയാണ് നാല് കർഷകർ മരിച്ചത്.


