KSDLIVENEWS

Real news for everyone

കാലാവധികഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ തിരിച്ചെടുത്തില്ലെങ്കിൽ നടപടി

SHARE THIS ON

പാലക്കാട്: ഉപയോഗിക്കാവുന്ന കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിപണിയിൽനിന്നു പിൻവലിച്ച് നശിപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉത്പാദകസ്ഥാപനങ്ങൾക്കും വിതരണക്കാർക്കുമെതിരേ നടപടിക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റി (ഫസായ്) നിർദേശം. കാലാവധി കഴിഞ്ഞവ തിരിച്ചെടുത്ത് നശിപ്പിക്കുകയോ പരിസ്ഥിതിക്ക് ഹാനികരമല്ലാത്തരീതിയിൽ സംസ്കരിക്കുകയോ വേണം. വീഴ്ചവരുത്തുന്നവരെ കണ്ടെത്താനുള്ള പരിശോധന ആരംഭിക്കാനും തീരുമാനമായി.

കോവിഡ് പ്രതിസന്ധിക്കിടെ ഭക്ഷ്യോത്പാദനമേഖലയിൽ നിരവധി സ്ഥാപനങ്ങളും വ്യക്തികളും സംരംഭങ്ങൾ തുടങ്ങിയിരുന്നു. ഇവിടെനിന്ന് വൻതോതിൽ ഭക്ഷ്യോത്പന്നങ്ങൾ വിപണിയിൽ എത്തുകയുംചെയ്തു. എന്നാൽ, ഇത്തരം ഉത്പന്നങ്ങൾ ഉപയോഗകാലാവധി (ഷെൽഫ് ലൈഫ്) കഴിഞ്ഞാൽ തിരിച്ചെടുത്ത് നശിപ്പിക്കുന്ന കാര്യത്തിൽ ഉത്പാദകരും വ്യാപാരികളും പലയിടത്തും ധാരണയുണ്ടാക്കിയിട്ടില്ല

വ്യാപാരശാലകളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഉപയോഗ കാലാവധി കഴിയുന്നതിന് തൊട്ടുമുമ്പ് വാങ്ങി രൂപമാറ്റം വരുത്തിയശേഷം പുതിയ പാക്കറ്റുകളിൽ വീണ്ടും വിപണിയിലെത്തിക്കുന്നെന്ന പരാതികളും ലഭിക്കുന്നുണ്ടെന്ന് ‘ഫസായ്’ ഗവേഷണ-വികസന വിഭാഗം ജോയന്റ് ഡയറക്ടറുടെ ഓഫീസധികൃതർ പറഞ്ഞു. കാലാവധി കഴിഞ്ഞവ കൃത്യസമയത്ത് തിരിച്ചെടുക്കുന്നതിൽ ഉത്പാദക കമ്പനികൾ വീഴ്ചവരുത്തുന്നത് വ്യാപാരികൾക്കും ഇവ വാങ്ങുന്ന ഉപഭോക്താക്കൾക്കും സാമ്പത്തികനഷ്ടമുണ്ടാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയുടെ മറവിൽ, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുന്നതായും പരാതികളുണ്ട്.

ഉപയോഗകാലാവധി കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഇതിനായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനകളുണ്ടാവും. വ്യാപാരികളും ഉത്പാദക-വിതരണ കമ്പനികളും ഉത്പന്നങ്ങൾ തിരിച്ചെടുക്കുന്നതിനായി രേഖാമൂലവും വാക്കാലുമുണ്ടാക്കിയ കരാറുകൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും. കാലാവധി കഴിഞ്ഞവ വിപണനം നടത്തിയതായി കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!