ഇന്ധനവില ഇന്നും കൂടി; പെട്രോളിന് 30 പൈസയും ഡീസലിന് 36 പൈസയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂടി. ഡീസൽ ലിറ്ററിന് 36 പൈസയും പെട്രോൾ ലിറ്ററിന് 30 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105.48 രൂപയും ഡീസലിന് ലിറ്ററിന് 98.71 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഇന്ധന വിലയിൽ ഇന്നലെയും വർധനവുണ്ടായിരുന്നു. പെട്രോളിന് 30 പൈസവരെയും ഡീസലിന് 37 പൈസ വരെയുമാണ് ഇന്നലെ സംസ്ഥാനത്ത് വർധിച്ചത്.
ഗാർഹികാവശ്യങ്ങൾക്കുള്ള പാചകവാതകത്തിൻറെ വിലയും ഇന്നലെ വർധിപ്പിച്ചിരുന്നു. പാചകവാതകം സിലിൻഡറിന് 15 രൂപയാണ് കൂട്ടിയത്. ഗാർഹികാവശ്യങ്ങൾക്കുള്ള 14.2 കിലോ സിലിൻഡറിന് കൊച്ചിയിൽ ഈ മാസം ഒന്നിന് 891.50 രൂപയായിരുന്നത് 906.50 രൂപയായാണ് ഉയർന്നത്. തിരുവനന്തപുരത്ത് 909 രൂപയും കോഴിക്കോട്ട് 908.50 രൂപയുമാണ് പുതിയ നിരക്ക്.

