‘പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചു’; പിന്നെ ട്വിസ്റ്റുകള്

കൊല്ലം: ‘പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ചു’. 2020 മെയ് എട്ടാം തീയതിയിലെ വാർത്ത ഇങ്ങനെയായിരുന്നു. തുടക്കത്തിലെ അസ്വാഭാവികത തോന്നിയ ഉത്രയുടെ മരണത്തിൽ ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചത് കേരളം ഞെട്ടിയ ട്വിസ്റ്റുകൾ. സർപ്പകോപമെന്നും സർപ്പദോഷമെന്നും വിശ്വസിപ്പിക്കാൻ ശ്രമിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പിടിയിലായത് ഉത്രയുടെ ഭർത്താവ് സൂരജും. ഒടുവിൽ ഒന്നരവർഷത്തിന് ശേഷം അപൂർവങ്ങളിൽ അപൂർവമായ കൊലക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതിയും കണ്ടെത്തിയിരിക്കുന്നു.
2020 മെയ് ഏഴാം തീയതി രാവിലെയാണ് അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര(25)യെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ വിളിച്ചിട്ടും ഉത്ര ഉണരാതിരുന്നതോടെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് പാമ്പ് കടിയേറ്റിട്ടുണ്ടെന്ന് വ്യക്തമായത്. ഉത്ര മരിച്ചതായും സ്ഥിരീകരിച്ചു.null
2020 മാർച്ച് രണ്ടാംതീയതി അടൂർ പറക്കോട്ടെ ഭർതൃവീട്ടിൽവെച്ചും ഉത്രയെ പാമ്പ് കടിച്ചിരുന്നു. അണലിവർഗത്തിൽപ്പെട്ട പാമ്പാണ് അന്ന് കടിച്ചത്. ഇതിന്റെ ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് രണ്ടാമത് മൂർഖൻ പാമ്പും കടിച്ചത്. തുടർച്ചയായി പാമ്പ് കടിയേറ്റതും യുവതി മരിച്ചതും ബന്ധുക്കൾക്കും നാട്ടുകാർക്കും ആദ്യം വിശ്വസിക്കാനേ കഴിഞ്ഞില്ല. ചിലർ സർപ്പകോപമെന്നെല്ലാം പറഞ്ഞെങ്കിലും മൂന്ന് മാസത്തിനിടെ രണ്ട് തവണ പാമ്പ് കടിയേറ്റത് പലരിലും സംശയം ജനിപ്പിച്ചിരുന്നു.
അടൂരിലെ വീട്ടിൽ ബോധംകെട്ടുവീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് അന്ന് പാമ്പ് കടിയേറ്റത് മനസിലായത്. ആദ്യം അടൂർ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. പാമ്പ് കടിയേറ്റ കാലിൽ പ്ലാസ്റ്റിക് സർജറിയും നടത്തിയിരുന്നു. ഇതിനുശേഷമാണ് ഒരുവയസ്സുള്ള മകൻ ധ്രുവിനെ ഭർതൃവീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിൽ വിശ്രമത്തിനായി എത്തിയത്.null
2020 മെയ് ആറാം തീയതി ഭർത്താവ് സൂരജ് ഉത്രയുടെ വീട്ടിലെത്തിയിരുന്നു. പിറ്റേദിവസം ഉത്രയെ ആശുപത്രിയിൽ കാണിക്കാനുള്ളതിനാലാണ് സൂരജ് തലേദിവസം എത്തിയത്. എന്നാൽ മെയ് ഏഴാം തീയതി രാവിലെ ഉത്രയുടെ ചലനമറ്റ ശരീരമാണ് ബന്ധുക്കൾ കണ്ടത്.
സംഭവദിവസം രാത്രി 12 മണിയോടെ ഉത്ര ഉറക്കത്തിൽനിന്ന് എഴുന്നേറ്റിരുന്നതായാണ് സൂരജ് ആദ്യം പറഞ്ഞിരുന്നത്. നേരം പുലർന്നിട്ടും എഴുന്നേൽക്കാത്തതിനാൽ മയങ്ങികിടക്കുകയാണെന്ന് കരുതി. പിന്നീട് വിളിച്ചപ്പോഴാണ് അനക്കമില്ലെന്ന് ബോധ്യപ്പെട്ടതെന്നും സൂരജ് പറഞ്ഞിരുന്നു.
അതിനിടെ, ടൈലുകൾ പാകിയ എ.സി. മുറിയിൽ എങ്ങനെ പാമ്പുകൾ കയറിയെന്നത് ബന്ധുക്കളിൽ സംശയമുണ്ടാക്കി. പാമ്പ് കടിയേറ്റാണ് മരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിച്ചു. ഭർത്താവ് സൂരജിന്റെ പെരുമാറ്റവും മറ്റുമാണ് സംശയത്തിന് കാരണമായത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസിലും പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തു. സൂരജിന് പാമ്പിനെ നൽകിയ സുരേഷും പിടിയിലായി. ഇയാളെ പിന്നീട് മാപ്പ് സാക്ഷിയാക്കി. സ്ത്രീധനപീഡനം ഉൾപ്പെടെയുള്ള കേസുകളിൽ സൂരജിന്റെ മാതാപിതാക്കളും സഹോദരിയും അറസ്റ്റിലായി. ഉത്ര കൊലക്കേസിൽ സൂരജ് മാത്രമാണ് പ്രതി.

