KSDLIVENEWS

Real news for everyone

കെ.പി.സി.സി. പട്ടിക ഇനിയും വൈകും; ചർച്ച പൂർത്തിയാക്കാനാവാതെ സുധാകരൻ മടങ്ങി

SHARE THIS ON

ന്യൂഡൽഹി:കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാനാവാതെ അധ്യക്ഷൻ കെ. സുധാകരൻ ഡൽഹിയിൽനിന്നു മടങ്ങി. കാത്തുനിന്ന മാധ്യമപ്രവർത്തകർക്കു പിടികൊടുക്കാതെ തിങ്കളാഴ്ച വൈകീട്ടാണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്.

ഡി.സി.സി. ഭാരവാഹികളായിരുന്നവരെ കെ.പി.സി.സി. ഭാരവാഹിയാക്കുന്നതിലുള്ള മാനദണ്ഡം എല്ലാവരുടെ കാര്യത്തിലും പാലിക്കാനാവാതെ വന്നതാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചതെന്നാണറിയുന്നത്. ഇതേത്തുടർന്ന് ചർച്ച വഴിമുട്ടി. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ ബിഹാറിലേക്ക് പോയതോടെ സുധാകരനും നാട്ടിലേക്കു തിരിച്ചു.


അതേസമയം, മാനദണ്ഡങ്ങൾ തയ്യാറാക്കുന്നതും പാലിക്കുന്നതും കേരള നേതൃത്വമാണെന്നും ഹൈക്കമാൻഡിന് അതിൽ പങ്കില്ലെന്നും താരിഖ് അൻവർ പറഞ്ഞു. യുവാക്കൾക്കും വനിതകൾക്കും ദളിതർക്കും അർഹിക്കുന്ന പ്രാധാന്യം നൽകണമെന്നതു മാത്രമാണ് ഹൈക്കമാൻഡിന്റെ നിർദേശം. അക്കാര്യത്തിൽ വിട്ടുവീഴ്ചചെയ്യില്ല. ആരെ വെക്കണമെന്ന് ഹൈക്കമാൻഡ് നിർദേശിക്കുകയുമില്ല -താരിഖ് പറഞ്ഞു.

രണ്ടുദിവസത്തിനകം പട്ടിക തയ്യാറാക്കി നൽകുമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചാണ് സുധാകരൻ മടങ്ങിയതെന്നറിയുന്നു. പട്ടിക മെയിലിൽ അയക്കുകയോ നേരിട്ട് കൈമാറുകയോ ചെയ്യുന്ന കാര്യം കേരളനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും രണ്ടുദിവസത്തിനകം പട്ടിക കിട്ടിയിൽ മൂന്നുദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് നേതൃത്വം അറിയിക്കുന്നത്.


വെള്ളിയാഴ്ചയാണ് സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ ഡൽഹിയിലെത്തിയത്. ശനിയാഴ്ച രാവിലെ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറുമായുള്ള ചർച്ചകൾക്കുശേഷം ഞായറാഴ്ച പട്ടിക പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ചയും ശനിയാഴ്ചയും ചർച്ച നടത്തിയിട്ടും പട്ടിക പൂർണമാക്കാൻ കഴിഞ്ഞില്ല. പട്ടിക തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നായിരുന്നു ഞായറാഴ്ച കേരളത്തിലേക്ക് മടങ്ങുംമുമ്പ് സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, പട്ടിക പുറത്തുവിടുന്ന കാര്യത്തിൽ കൂടിയാലോചന നടത്തിയില്ലെന്ന അസംതൃപ്തിയിലാണ് മുതിർന്ന നേതാക്കളെല്ലാം. പട്ടികയിൽ ആരെ ഉൾപ്പെടുത്തുന്നു എന്ന കാര്യംപോലും കെ.പി.സി.സി. അധ്യക്ഷനോ പ്രതിപക്ഷനേതാവോ തങ്ങളെ അറിയിക്കുന്നില്ലെന്നാണ് ഇവരുടെയെല്ലാം പരാതി. മുൻ അധ്യക്ഷന്മാർകൂടിയായ വി.എം. സുധീരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി ഒരു ചർച്ചയും നടത്തിയില്ലെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!