കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വെള്ളപ്പൊക്കം

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കം. കോഴിക്കോട് നഗരത്തിലും ഗ്രാമ പ്രദേശങ്ങളിലും വലിയ തോതിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലും വെള്ളം കയറിത്തുടങ്ങിയതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. കോഴിക്കോട് ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം തുറന്നു.
തൃശൂരില്‍ ശക്തമായ മഴ മൂലം ചാലക്കുടി റെയില്‍വെ അടിപ്പാത മുങ്ങുകയും പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകുകയും ചെയ്തു. പെരിങ്ങള്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്
പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മൂന്നിടങ്ങളിലാണ് മരം വീണ് ഗാതാഗതം തടസപ്പെട്ടത്. മണ്ണാര്‍ക്കാട്-അഗളി മേഖലകളില്‍ റോഡിലേക്ക് പാറകള്‍ ഒഴുകിയെത്തി. ഇത് നീക്കം ചെയ്യാനുള്ള ശ്രമം അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. നെല്ലിപ്പുഴയില്‍ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കഞ്ചിക്കോട് നെന്മാറ പ്രദേശങ്ങളില്‍ നെല്‍പാടങ്ങള്‍ വെള്ളത്തിനടിയിലായി വ്യാപക നാശനഷ്ടം ഉണ്ടായി.
മലപ്പുറം ജില്ലയിലും സമാന കാലാവസ്ഥയാണ്. കൊണ്ടോട്ടി ദേശിയപാതയില്‍ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞു വീണു. കരിപ്പൂരില്‍ വീട് തകര്‍ന്ന് വീണ്ട് രണ്ട് കുട്ടികള്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു. കൊല്ലം ജില്ലയിലും മഴക്കെടുതിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്


