ചട്ടഞ്ചാലിൽ ഒരുങ്ങുന്നു ജില്ലയുടെ ജീവവായു; ജില്ലയുടെ ഓക്സിജൻ പ്ലാന്റ് യാഥാർത്ഥ്യമാകുന്നു

ചട്ടഞ്ചാൽ ∙ പൊതുമേഖലയിലെ ജില്ലയുടെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിനു പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ എത്തി. 1.87 കോടി ചെലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.സജിത് കുമാർ, ഡോ. എ.ടി.മനോജ് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ദിവസം 200 സിലിണ്ടർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലിൽ ഒരുക്കുന്നത്. ഭാവിയിൽ വ്യവസായികാവശ്യങ്ങൾക്കു കൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുക.ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നാലെയാണ് സമീപഭാവിയിൽ ജില്ലയിൽ ഉണ്ടായേക്കാവുന്ന ഓക്‌സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്‌സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വച്ചത്.
ഇതിനായി ഭൂമിക്ക് പുറമേ പ്ലാന്റിനുള്ള 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നൽകി. ജില്ലയിലെ മുഴുവൻ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തി. കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസാണു കാസർകോട്ടെ പ്ലാന്റിന്റെ നിർമാണ ചുമതല ഏറ്റെടുത്തത്.

