KSDLIVENEWS

Real news for everyone

രാജ്യം വൈദ്യുതിക്ഷാമത്തില്‍; കേരളവും പ്രതിസന്ധിയിലേക്ക്, താപനിലയങ്ങളില്‍ കല്‍ക്കരി സ്റ്റോക്കില്ല

SHARE THIS ON

കല്‍ക്കരിക്ഷാമം കേരളത്തിലെ വൈദ്യുതി ഉത്പാദനത്തെ ഗുരുതരമായി ബാധിക്കും. കേരളം വൈദ്യുതിക്കായി ആശ്രയിക്കുന്ന നാല് താപ വൈദ്യുത നിലയങ്ങളില്‍ മൂന്നിലും കല്‍ക്കരി ക്ഷാമം രൂക്ഷമാണ്. കല്‍ക്കരി ക്ഷാമം വേഗത്തില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

കല്‍ക്കരി ക്ഷാമം വൈദ്യുതി മുടക്കത്തിലേക്കു നയിക്കില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പിച്ചു പറയുമ്ബോഴും താപവൈദ്യുതി നിലയങ്ങളുടെ പ്രതിസന്ധി തുടരുന്നു. കേരളത്തിന് ആവശ്യമുള്ളതിന്‍റെ മുക്കാല്‍ ഭാഗവും കേന്ദ്രപൂളില്‍ നിന്നാണ് ലഭിക്കുന്നത്. കേന്ദ്രം നല്‍കുന്ന ഈ വൈദ്യുതി, താപ വൈദ്യുത നിലയങ്ങള്‍ ഉത്പാദിപ്പിക്കുന്നതാണ്. രാമഗുണ്ടം , കുഡ്കി, സിംഹാദ്രി ,താല്‍ച്ചര്‍ എന്നീ വൈദ്യുത നിലയങ്ങളില്‍ നിന്നാണ് കേരളത്തിനുള്ള വൈദ്യുതി എത്തുന്നത്.

തെലങ്കാന രാമഗുണ്ടത്തെ കല്‍ക്കരി സ്റ്റോക്ക് 21 ശതമാനമായി കുറഞ്ഞപ്പോള്‍ കര്‍ണാടകയിലെ കുഡ്കിയില്‍ അഞ്ച് ശതമാനമായി. ആന്ധ്രായിലെ സിംഹാദ്രി നിലയത്തിലാണ് ഏറ്റവും കടുത്ത ക്ഷാമം. രണ്ട് ശതമാനം മാത്രമാണ് ഇവിടെ കല്‍ക്കരിയുടെ സ്റ്റോക്ക് . ഈ മൂന്നു നിലയങ്ങള്‍കൂടിയാണ് കേരളത്തിലേക്ക് ആവശ്യമുള്ളതിന്‍റെ അന്‍പത് ശതമാനം വൈദ്യുതി നല്‍കുന്നത്. ബാക്കി അന്‍പത് ശതമാനം ഒറ്റയടിക്ക് നല്‍കുന്നത് ഒഡീഷയിലെ താല്‍ച്ചര്‍ വൈദ്യുത നിലയമാണ്. താല്‍ച്ചറില്‍ നിന്നുള്ള വൈദ്യുത പാത തൃശൂരിലെ മാടക്കത്തറയില്‍ എത്തുന്നു. വടക്കന്‍ കേരളത്തിലേക്കുള്ള വൈദ്യുതി ഇവിടെ നിന്നാണ് എത്തിക്കുന്നത്. താല്‍ചര്‍ നിലയില്‍ 71 ശതമാനം കല്‍ക്കരി സ്റ്റോക്കുണ്ട്.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് , പഞ്ചാബ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ പവര്‍കട്ടിലേക്ക് തിരിഞ്ഞു . രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ 12 മണിക്കൂര്‍ വരെയാണ് പവര്‍കട്ട്. 15 താപ വൈദ്യുത നിലയങ്ങള്‍ കല്‍ക്കരി ക്ഷാമം കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയാണ്. പരസ്പരം പഴിചാരാതെ എത്രയും വേഗം നിലയങ്ങളില്‍ കല്‍ക്കരി എത്തിക്കണമെന്ന് എന്‍ ടി പി സിയുടെ മുന്‍ സി എം ഡി ആര്‍ എസ് ശര്‍മ്മ ഊര്‍ജ സെക്രട്ടറിക്കു കത്തെഴുതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!