പെൻ ഫ്രണ്ട് പദ്ധതി; വ്യാപാരിക്കു കൈമാറിയത് ഒരു ക്വിന്റൽ പേനകൾ

കാസർകോട് ∙ മഷി തീർന്നാൽ പേനകൾ വലിച്ചെറിയാതെ, അതു സൂക്ഷിക്കുക, അതു ശേഖരിക്കാൻ ആളുണ്ട്. പിന്നെ ചെറിയ തുകയും കിട്ടും. ഹരിത കേരളം മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന തനതു പരിപാടിയായ പെൻ ഫ്രണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കലക്ടറേറ്റിൽ സ്ഥാപിച്ച കലക‍്ഷൻ ബോക്സിൽ നിന്ന് ലഭിച്ച ഒരു ക്വിന്റൽ പേനകൾ പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന വ്യാപാരിക്കു കൈമാറി 2 വർഷക്കാലമായി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നു ഉപയോഗശൂന്യമായ പേനകൾ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികൾക്ക് കൈമാറുന്ന പ്രവർത്തനമാണ് പെൻഫ്രണ്ട് പദ്ധതിയിലൂടെ ഹരിത മിഷൻ ജില്ലയിൽ നടപ്പാക്കുന്നത്.
ഇതിൽ ഉൾപ്പെടുത്തി ജില്ലയിലെ മുന്നൂറിലധികം വിദ്യാലയങ്ങളിലും, വിവിധ സർക്കാർ ഓഫിസുകളിലും പെൻഫ്രണ്ട് ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിറയുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങൾ പ്രാദേശിക പാഴ് വസ്തു വ്യാപാരികൾക്കു കൈമാറുകയാണ്. മഷി തീരുന്ന പേനകൾ ഓഫിസുകളിലും പറമ്പുകളിലും വലിച്ചെറിയുന്നത് മാലിന്യങ്ങൾക്കു കാരണമാകുന്നതായും ഇതു പ്രകൃതിക്ക് ദോഷകമാകുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഈ പദ്ധതി നടപ്പാക്കിയത്.
കലക്ടറേറ്റ് ഓഫിസുകളിൽ നിന്നു 6 മാസത്തിനുള്ളിൽ ശേഖരിച്ച പേനകളാണ് ഇന്നലെ കൈമാറിയത്. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പാഴ്‌വസ്തു ശേഖരിക്കുന്ന വ്യാപാരി ഇബ്രാഹിം ചെമ്മനാടിന് കൈമാറി. ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ, എ.പി.അഭിരാജ്, സി.കെ.ശ്രീരാജ്, ആർ.കെ.ഊർമിള, ടി.കൃപേഷ്, ബി.അശ്വിൻ എന്നിവർ പ്രസംഗിച്ചു.

