യുണൈറ്റഡിന്റെ രക്ഷകനായി റൊണാള്‍ഡോ, ചെല്‍സിയ്ക്കും ബാഴ്‌സയ്ക്കും ബയേണിനും വിജയം

മാഞ്ചെസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി, ബയേൺ മ്യൂണിക്ക്, ബാഴ്സലോണ ടീമുകൾക്ക് വിജയം. യുണൈറ്റഡ് അത്ലാന്റയെയും ചെൽസി മാൽമോയെയും ബയേൺ ബെൻഫിക്കയെയും ബാഴ്സലോണ ഡൈനാമോ കീവിനെയും കീഴടക്കി.
വീണ്ടും രക്ഷകനായി റൊണാൾഡോ
ഒലെ ഗുണ്ണാർ സോൾഷ്യറിന് കീഴിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന മാഞ്ചെസ്റ്റർ യുണൈറ്റഡ് വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കാണ് അത്ലാന്റയെ കീഴടക്കിയത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തകർപ്പൻ കളി പുറത്തെടുത്താണ് യുണൈറ്റഡ് വിജയം നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ടീമിനായി വിജയ ഗോൾ നേടിയത്.
യുണൈറ്റഡിന്റെ തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ 15-ാം മിനിട്ടിൽ തന്നെ മരിയോ പസലിച്ചിലൂടെ അത്ലാന്റ ലീഡെടുത്തു. 28-ാം മിനിട്ടിൽ മെറിഹ് ഡെമിറാൽ ലക്ഷ്യം കണ്ടതോടെ അത്ലാന്റ 2-0 ന് മുന്നിലെത്തുകയും യുണൈറ്റഡ് മറ്റൊരു തോൽവിയെ അഭിമുഖീകരിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ ഈ ലീഡ് കാത്തുസൂക്ഷിക്കാനും ടീമിന് സാധിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ ഉശിരോടെ പൊരുതിയ യുണൈറ്റഡ് മാർക്കസ് റാഷ്ഫോർഡിലൂടെ 53-ാം മിനിട്ടിൽ ഒരു ഗോൾ തിരിച്ചടിച്ചു. നിരവധി അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചെങ്കിലും അതെല്ലാം വിഫലമായി. ഒരു ഗോൾ നേടിയതോടെ ഓൾഡ് ട്രാഫോർഡ് ആവേശത്തിലായി. 75-ാം മിനിട്ടിൽ നായകൻ ഹാരി മഗ്വയർ യുണൈറ്റഡിന് വേണ്ടി സമനില ഗോൾ നേടിയതോടെ അത്ലാന്റ അപകടം മണത്തു.
മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച സമയത്താണ് രക്ഷകനായി റൊണാൾഡോ വന്നത്. 81-ാം മിനിട്ടിൽ തകർപ്പൻ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ച് റൊണാൾഡോ ടീമിന് വിജയവും വിലപ്പെട്ട മൂന്ന് പോയന്റും നേടിക്കൊടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് എഫിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറുപോയന്റുമായി യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വിയ്യാറയൽ ഒന്നിനെതിരേ നാലുഗോളുകൾക്ക് യങ്ബോയ്സിനെ പരാജയപ്പെടുത്തി.
നാലടിച്ച് ചെൽസിഅപരാജിതരായി യുവന്റസ്
താരതമ്യേന ദുർബലരായ മാൽമോയെ എതിരില്ലാത്ത നാലുഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെൽസി തകർത്തത്. സൂപ്പർതാരം ജോർജീന്യോ ഇരട്ട ഗോളുകൾ നേടിയപ്പോൾ ആൻഡ്രിയാസ് ക്രിസ്റ്റിയൻസെനും കൈ ഹാവെർട്സും ചെൽസിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. രണ്ട് പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ജോർജീന്യോ ഇരട്ട ഗോളുകൾ നേടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കരുത്തരായ യുവന്റസ് സെനിത് സെന്റ് പീറ്റേഴ്സ്ബെർഗിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഡെയാൻ കുളുസേവ്സ്കിയാണ് ടീമിനായി വിജയഗോൾ നേടിയത്.
ചാമ്പ്യൻസ് ലീഗിൽ അപരാജിത കുതിപ്പ് നടത്തുന്ന യുവന്റസ് ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയന്റാണ് ടീമിനുള്ളത്. ചെൽസി ആറുപോയന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
വമ്പൻ വിജയം നേടി ബയേൺ, ബാഴ്സയ്ക്ക് ആദ്യ ജയം
ഗ്രൂപ്പ് ഇയിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് എതിരില്ലാത്ത നാലുഗോളുകൾക്ക് ബെൻഫിക്കയെ കീഴടക്കി. 70 മിനിട്ടുവരെ ഗോൾരഹിത സമനിലയിൽ നിന്ന മത്സരത്തിൽ അവസാന 20 മിനിട്ടിലാണ് ബയേൺ നാലുഗോളുകൾ അടിച്ചുകൂട്ടിയത്. ബയേണിനായി ലിറോയ് സനെ ഇരട്ട ഗോളുകൾ നേടിയപ്പോൾ സൂപ്പർതാരം റോബർട്ട് ലെവെൻഡോവ്സ്കിയും ലക്ഷ്യം കണ്ടു. എവർട്ടൺ സോറസിന്റെ സെൽഫ് ഗോളും ടീമിന് തുണയായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ കീഴടക്കി. പ്രതിരോധതാരം ജെറാർഡ് പിക്വെയാണ് ബാഴ്സയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ പ്രതിരോധതാരം എന്ന റെക്കോഡ് പിക്വെ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിലെ പുതിയ സീസണിലെ ബാഴ്സയുടെ ആദ്യ വിജയമാണിത്. നേരത്തേ ബെൻഫിക്കയോടും ബയേണിനോടും ബാഴ്സ പരാജയപ്പെട്ടിരുന്നു.
ഈ വിജയത്തോടെ ബാഴ്സ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. 9 പോയന്റുമായി ബയേൺ മ്യൂണിക്കാണ് ഒന്നാമത്.

