സ്വര്‍ണക്കടത്തില്‍ മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ്; ശിവശങ്കര്‍ പ്രതി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസില്‍ മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കസ്റ്റംസ് പരാമര്‍ശം. 3000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസിലെ ഒന്നാം പ്രതി സരിത്താണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ കേസിലെ 29ാം പ്രതിയാണ്. സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് ശിവശങ്കറിനെതിരായ കുറ്റം.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്നതിന് തെളിവില്ലെന്ന് കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകന്‍ റമീസാണ്. 2019 മുതല്‍ 21 തവണയാണ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തികൊണ്ടു വന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചത്. തുടര്‍ന്ന് എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനെത്തിയിരുന്നു.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് വലിയ വിവാദങ്ങളുയര്‍ത്തിയ കേസായിരുന്നു സ്വര്‍ണക്കടത്ത്. ഇതുമായി ബന്ധപ്പെട്ട് മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനേയും മുന്‍ മന്ത്രി കെ.ടി.ജലീലിനേയും ചോദ്യം ചെയ്തിരുന്നു. കേസില്‍ അന്വേഷണം നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

