KSDLIVENEWS

Real news for everyone

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 80:20 അനുപാതം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയില്‍

SHARE THIS ON

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാർ, പാലോളി കമ്മിറ്റികൾ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പ് അനുവദിച്ചത്. എന്നാൽ ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ പക്കൽ ആധികാരിക രേഖകൾ ഇല്ല.


നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജെ.ബി. കോശി റിപ്പോർട്ട് വരുന്നതിന് മുമ്പ് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്ക് അത് ലഭിക്കുമെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!