KSDLIVENEWS

Real news for everyone

ശിശുക്ഷേമസമിതിയ്ക്ക് വീഴ്ച പറ്റിയിട്ടില്ല, നടപടി നിയമപ്രകാരമെന്ന് ആരോഗ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: അനുപമയുടെ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് യാതൊരു വീഴ്ചയും പറ്റിയിട്ടില്ല എന്ന നിലപാടിലുറച്ച് സർക്കാർ. നിയമസഭയിലാണ് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഇക്കാര്യം വ്യക്തമാക്കിയത്.

ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് പുലർച്ചെ 12.45നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചത് എന്നാണ് മന്ത്രി വീണാ ജോർജ്ജ് നിയമസഭയിൽ പറഞ്ഞത്. അനുപമയുടെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.


അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടത്. വടകര എംഎൽഎ കെകെ രമയാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

കുട്ടിക്ക് അമ്മയെ നേടിക്കൊടുക്കുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതിയ്ക്കും മറ്റു സംവിധാനങ്ങൾക്കും വീഴ്ച ഉണ്ടായി. പിഞ്ചു കുഞ്ഞിനെ അമ്മയ്ക്ക് നഷ്ടപ്പെട്ടത് ഇത്തരത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണ് കെകെ രമ ഉന്നയിച്ചത്. എന്നാൽ മറുപടി പറഞ്ഞ ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ശിശുക്ഷേമ സമിതിയെ ന്യായീകരിച്ചാണ് സംസാരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!