ക്യാംപസുകൾ പൂർണമായി തുറന്നു; ആഹ്ലാദ നിറവിൽ വിദ്യാർഥികൾ

കാസർകോട് ∙ പൂർണമായി തുറക്കാൻ അനുമതി ലഭിച്ചെങ്കിലും വിദ്യാർഥികളുടെ എണ്ണം നിയന്ത്രിച്ച് കോളജുകൾ. നീണ്ട ഇടവേളയ്ക്കു ശേഷമാണ് സർക്കാർ, എയ്ഡഡ്, സ്വാശ്രയ പ്രഫഷനൽ കോളജുകളും സർവകലാശാലാ സെന്ററുകളും പഠന വകുപ്പുകളും ഇന്നലെ പൂർണമായി തുറന്നത്. ഏറെക്കാലത്തിനു ശേഷം പരസ്പരം കണ്ട വിദ്യാർഥികൾ ആഹ്ലാദം പങ്കിട്ടു. അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ ചില കോളജുകൾ, ഒന്നാം വർഷ ബിരുദ ക്ലാസുകൾ ഓൺലൈനായാണു തുടങ്ങിയത്.
ബിരുദ ക്ലാസുകൾ, ബാച്ചുകളാക്കി നടത്താനാണു നിർദേശം. പിജി ക്ലാസുകളിൽ ഏതാണ്ടു പൂർണമായി ഹാജരുണ്ടായിരുന്നു. ഹോസ്റ്റലുകളിലെ പ്രവേശനം പൂർത്തിയായ ശേഷമേ പല കോളജുകളിലും പൂർണ തോതിൽ ക്ലാസുകൾ നടത്താൻ തുടങ്ങൂ. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ, ആഘോഷങ്ങൾ അധികമില്ലാതെയായിരുന്നു വിദ്യാർഥികളുടെ പുനഃപ്രവേശം.
എൻസിസി, എൻഎസ്എസ് വൊളന്റിയർമാരും വിദ്യാർഥി സംഘടനാ പ്രതിനിധികളും അധ്യാപകരും അനധ്യാപകരും വിദ്യാർഥികൾക്ക് ആവശ്യമായ നിർദേശങ്ങളുമായി സജീവമായിരുന്നു. നവംബർ 2 മുതൽ 10 വരെ നീളുന്ന പരീക്ഷക്കാലം കഴിഞ്ഞ് അവസാന വർഷക്കാരെത്തിയാൽ പിന്നെ ഒന്നും രണ്ടും വർഷക്കാർക്ക് ഒന്നിടവിട്ട ആഴ്ചയിലേ ക്ലാസുകൾ ഉണ്ടാകൂ.
അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രവൃത്തി ദിവസങ്ങളിൽ പകൽ ഒൻപതര മുതൽ മൂന്നര വരെ പതിവു പോലെ ക്ലാസുകൾ തുടരും. കൈകഴുകാനും സാനിറ്റൈസ് ചെയ്യാനും ശരീരോഷ്മാവ് പരിശോധിക്കാനുമൊക്കം സൗകര്യമൊരുക്കിയിരുന്നു. വിദ്യാർഥികളെ ഒരൊറ്റ വഴിയിൽ കൂടി മാത്രമാണ് കടത്തി വിട്ടതും.
ഒന്നും രണ്ടും വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ പിജി ക്ലാസുകളുമാണ് ഇന്നലെ തുടങ്ങിയത്. നേരത്തെ ക്ലാസ് തുടങ്ങിയ അവസാന വർഷക്കാർ പരീക്ഷാമുന്നൊരുക്കത്തിനുള്ള സ്റ്റഡി ലീവിൽ ആയതിനാൽ ക്ലാസ്മുറികളുടെ ക്ഷാമം നേരിട്ടില്ലെന്നു നീലേശ്വരം പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എസ്.സുരേഷ് കുമാർ പറഞ്ഞു.

