നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഗാന്ധിജിയുടെ പ്രതിമയൊരുക്കും-

നീലേശ്വരം ∙ സ്വാതന്ത്ര്യസമര കാലത്ത് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി വന്നിറങ്ങിയ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഗാന്ധി പ്രതിമ നിർമിക്കും. നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവിന്റെ- എൻആർഡിസി നേതൃത്വത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ശിൽപി പ്രേമൻ കുഞ്ഞിമംഗലമാണ് 3 അടി ഉയരത്തിൽ അർധകായ പ്രതിമ നിർമിക്കുക. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയോടു ചേർന്നുള്ള കൊടിമരത്തിനു സമീപമാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
1927 ഒക്ടോബർ 26നാണ് ഗാന്ധിജി നീലേശ്വരം സ്റ്റേഷനിൽ ഇറങ്ങിയത്. വിളിപ്പാടകലെയുള്ള നീലേശ്വരം രാജാസ് എച്ച്എസ്എസ് വിദ്യാർഥികൾക്ക് സ്വന്തം കൈപ്പടയിൽ ഗാന്ധിജി നൽകിയ സന്ദേശം ഇപ്പോഴും സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്. സന്ദർശനത്തിന്റെ 94-ാം വാർഷിക ദിനമായ ഇന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ഒരു ലക്ഷം രൂപ ചെലവു വരുന്ന പ്രതിമയുടെ നിർമാണം 2 മാസത്തിനകം പൂർത്തിയാക്കുമെന്ന് എൻആർഡിസി ഭാരവാഹികൾ അറിയിച്ചു.
അനുബന്ധമായി നീലേശ്വരം റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിൽ നീലേശ്വരത്തിന്റെ സമ്പന്ന സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചുമർചിത്രവും ഒരുക്കും. ഡിസംബറിൽ ചിത്രരചന തുടങ്ങും. എൻആർഡിസിയുടെ നേതൃത്വത്തിൽ അടുത്തിടെ റെയിൽവേ സ്റ്റേഷൻ സർക്കുലേറ്റിങ് ഏരിയയും പാർക്കിങ് സമുച്ചയവും നവീകരിച്ചിരുന്നു.

1927 ഒക്ടോബർ 26നു ഗാന്ധിജി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ രാജാസ് എച്ച്എസ്എസ് വിദ്യാർഥികൾക്ക് സ്വന്തം കൈപ്പടയിൽ നൽകിയ സന്ദേശം

