KSDLIVENEWS

Real news for everyone

കിഡ്‌സ് പദ്ധതിക്ക് അംഗീകാരം; ജില്ലയിൽ തുടങ്ങുന്നത് 9 ഡയാലിസിസ് കേന്ദ്രങ്ങൾ

SHARE THIS ON

കാസർകോട് ∙ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് വൃക്ക രോഗികൾക്കായി തയാറാക്കുന്ന കാസർകോട് ഇനിഷ്യേറ്റീവ് ഫോർ ഡയാലിസിസ് സൊസൈറ്റിക്ക് (കിഡ്‌സ്) സംസ്ഥാന ഏകോപന സമിതിയുടെ അംഗീകാരം. ജില്ലയിലെ 9 കേന്ദ്രങ്ങളിൽ ഡയാലിസിസ് സൗകര്യമൊരുക്കി പാവങ്ങളായ വൃക്കരോഗികൾക്ക് ആശ്വാസമേകുന്നതാണ് പദ്ധതി. ജില്ലയുടെ തനത് പദ്ധതിയെന്ന നിലയിൽ അംഗീകാരം ലഭിച്ചതോടെ 9 ഇടങ്ങളിലും നവംബർ അഞ്ചിനകം മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. അതത് ഡയാലിസിസ് കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/ നഗരസഭാ അധ്യക്ഷൻ ചെയർമാനായും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വൈസ് ചെയർമാനും മെഡിക്കൽ ഓഫിസർമാർ/ സൂപ്രണ്ടുമാർ കൺവീനർമാരുമായാണു മാനേജ്മെന്റ് കമ്മിറ്റി നിലവിൽ വരിക.

ഓരോ കേന്ദ്രങ്ങളുടെയും പരിധിയിൽ വരുന്ന പഞ്ചായത്ത് പ്രസിഡന്റുമാർ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കും. നവംബർ 15നകം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി രോഗികൾക്ക് സേവനം ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. നീലേശ്വരം, മുളിയാർ, പെരിയ എന്നിവിടങ്ങളിൽ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള ജലപരിശോധനാ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. പുടംകല്ല്, ബദിയടുക്ക എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നു വരുന്നു.

മറ്റു നാല് കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാണ്. രണ്ടിടത്ത് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് വേഗത്തിൽ പൂർത്തീകരിക്കും. പദ്ധതിയുടെ ജില്ലാ കോഓർഡിനേറ്ററായി തൃക്കരിപ്പൂർ സിഎച്ച്സിയിലെ ഡോ.വി.സുരേശനെയും ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി ഫിനാൻസ് ഓഫിസർ ദിലീപിനെയും ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കൽ ഓഫിസറാണ് നിർവഹണ ഉദ്യോഗസ്ഥൻ.

‍‍ഡയാലിസിസ് കേന്ദ്രങ്ങൾ‌ തുടങ്ങുന്ന സ്ഥലങ്ങൾ‌

∙കാസർകോട് ജനറൽ ആശുപത്രി,
∙മംഗൽപാടി താലൂക്ക് ആശുപത്രി
∙മുളിയാർ സിഎച്ച്സി
∙പെരിയ സിഎച്ച്സി
∙നീലേശ്വരം താലൂക്ക് ആശുപത്രി
∙തൃക്കരിപ്പൂർ താലുക്ക് ആശുപത്രി
∙കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
∙പൂടംകല്ല് ആശുപത്രി
∙ബദിയടുക്ക സിഎച്ച്സി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!