പുനീതിന്റെ മരണവാര്‍ത്ത അറിഞ്ഞ് ആരാധകന് കുഴഞ്ഞ് വീണ് മരിച്ചു

കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാറിന്റെ വിയോഗ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആരാധകന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.
ചാമരാജ്നഗര്‍ ജില്ലയിലെ ഹാനൂരിലെ മാരൂര്‍ സ്വദേശിയായ മുനിയപ്പ(30) ആണ് മരിച്ചത്.
വൈകിട്ട് മൂന്നോടെ പുനീത് മരിച്ച വാര്‍ത്ത കേട്ടതോടെ മുനിയപ്പ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും രണ്ടു മക്കളമുണ്ട്. പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മുനിയപ്പയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് പുനീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് നിലനിര്‍ത്താനായില്ല.
കന്നഡസിനിമയിലെ ഇതിഹാസമായിരുന്ന ഡോ. രാജ്കുമാറിന്റെ അഞ്ചുമക്കളില്‍ ഇളയവനാണ് പുനീത്. ബാലതാരമായി സിനിമയിലെത്തിയ പുനീത് ആദ്യം നായകനായെത്തിയത് അപ്പു എന്ന ചിത്രത്തിലൂടെയാണ്.
പുനീത് രാജ്കുമാറിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രി കണ്ഠീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി ആര്.അശോക്അറിയിച്ചു.

