KSDLIVENEWS

Real news for everyone

ഇന്ധനവില വർധനവിനെതിരായ കോൺഗ്രസ് സമരത്തിൽ കൊച്ചി സ്തംഭിച്ചു; പ്രതിഷേധിച്ച് നടന്‍ ജോജു ജോർജ്

SHARE THIS ON

കൊച്ചി: ഇന്ധനവില വർധനവിനെതിരേ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരേ സിനിമാ നടൻ ജോജു ജോർജിന്റെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ വൈറ്റിലയിൽ ഗതാഗതം തടസപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. കോൺഗ്രസിന്റെ ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിലുള്ളത്. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ മണിക്കൂറുകളായി റോഡിൽ കുടുങ്ങികിടക്കുകയാണ്.

തിങ്കളാഴ്ച രാവിലെയാണ് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്. വാഹനങ്ങൾ റോഡിൽ പലയിടങ്ങളിലായി നിർത്തി താക്കോൽ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതൽ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കിൽപ്പെട്ട സിനിമാ നടൻ ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തെത്തിയത്.Ad

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തിൽനിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നൽകിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!