KSDLIVENEWS

Real news for everyone

റഫാല്‍ അഴിമതി, പേടിച്ച്‌ പിന്മാറില്ല; സത്യം ഞങ്ങള്‍ക്കൊപ്പം- രാഹുല്‍ ഗാന്ധി

SHARE THIS ON

അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല. സത്യം തങ്ങളോടപ്പം ഉണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റഫാല്‍ അഴിമതിയെ കുറിച്ച്‌ ഫ്രഞ്ച് പോര്‍ട്ടലിന്റെ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഓരോ ചുവടിലും സത്യം നിങ്ങളോടൊപ്പമുണ്ടെങ്കില്‍ പിന്നെ എന്താണ് വിഷമിക്കേണ്ടത്? എന്റെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകര്‍ അഴിമതി നിറഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെ ഇതുപോലെ പോരാടുക. നിര്‍ത്തരുത്, തളരരുത്, ഭയപ്പെടരുത്,’ #RafaleScam എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്‌ ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.


ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷന്‍ ഗുപ്തക്ക് റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇത് സംബന്ധിച്ച കൃത്യമായ വിവരം ഉണ്ടായിട്ടും അന്വേഷണ ഏജന്‍സികള്‍ മൗനം പാലിച്ചു എന്നുമുള്ള ഫ്രഞ്ച് വെബ് പോര്‍ട്ടലായ മീഡിയ പാര്‍ട് വെളിപ്പെടുത്തിയത്. വ്യാജ ബില്ലുകളും മറ്റും തയ്യാറാക്കി മൗറീഷ്യസ് ആസ്ഥാനമായ കമ്ബനി മുഖേനെയാണ് കൈക്കൂലി ഇടപാട് നടന്നതെന്നും മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്.

പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റഫാല്‍ അഴിമതിയില്‍ ഭരണപക്ഷത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസിന് തിരിച്ചടിയാണിത്. രാഹുല്‍ ഗാന്ധിയാണ് റഫാല്‍ അഴിമതിയില്‍ ബിജെപിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നത്.

അതേസമയം, വിഷയം കോണ്‍ഗ്രസിനെ അടിക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ് ബിജെപി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (ഐഎന്‍സി) എന്നാല്‍ ‘ഐ നീഡ് കമ്മീഷന്‍’ എന്നാണെന്ന് ബിജെപി വക്താവ് സംബ്രിത് പത്ര ആക്ഷേപിച്ചു. യുപിഎ ഭരണകാലത്ത് എല്ലാ ഇടപാടുകള്‍ക്കിടയിലും അവര്‍ക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നു. റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

റഫാല്‍ ഇടപാടിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. അഴിമതിയുടെ തെളിവ് ലഭിച്ചിട്ടും ഇഡിയും സിബിഐയും അന്വേഷിക്കുന്നില്ലെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സൂര്‍ജേവാല ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!