ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ജോജു ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധിപറയുക . അതേസമയം ജോജു ജോര്‍ജിനെതിരെ മഹിളാ കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ പൊലീസ് കേസ് എടുക്കാത്തതില്‍ പ്രതിഷേധിച്ച് മരട് പൊലീസ് സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് ഇന്ന് മാര്‍ച്ച് നടത്തും. അടിയന്തിരമായി കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
നടന് ജോജു ജോര്‍ജുമായുള്ള വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകകയാണ്. എറണാകുളം ഷേണായിസ് തീയറ്ററിന് മുന്നില്‍ നടന്റെ ചിത്രമുള്ള റീത്ത് വച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റര്‍ നീക്കിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഇന്ധന വിലവര്‍ധനക്കെതിരെ കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നടന്റെ കാര്‍ തകര്‍ക്കപ്പെട്ടത്. കേസില്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെര്‍ജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കല്‍ എന്നിവരാണ് റിമാന്റില്‍ കഴിയുന്നത്.യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ്, ഐഎന്‍ടിയുസി പ്രവര്ത്തകന് ജോസഫ് എന്നിവരും കേസില്‍ അറസ്റ്റിലായിരുന്നു. കേസില്‍ ഏഴ് പ്രതികളാണ് ആകെയുള്ളത്. സമരവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ജോജുവും തിരിച്ചറിഞ്ഞവരാണ് പ്രതികളാക്കിയിരിക്കുന്ന ഏഴ് പേരും.

