KSDLIVENEWS

Real news for everyone

നുണയുടെ അണപൊട്ടി: മരംമുറിക്കാന്‍ അനുമതി നല്‍കി, തീരുമാനം സുപ്രീംകോടതിയിലും കേരളം അറിയിച്ചു

SHARE THIS ON

ഇടുക്കി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറി തല യോഗത്തിൽ തീരുമാനമായിരുന്നതായി കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഒക്ടോബർ 27 ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് കോടതിക്ക് കൈമാറിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ബേബി ഡാം ശക്തമാക്കുന്നതിന് ചില മരങ്ങൾ മുറിക്കാനും, നിർമ്മാണ സാധനങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള അനുമതി നൽകാനും സെപ്റ്റംബർ 17 ന് ചേർന്ന സെക്രട്ടറിതല യോഗത്തിൽ തീരുമാനം ആയിരുന്നതായാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്. മരം മുറിക്കുന്നതിന് അനുമതി നൽകാൻ കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകാൻ തമിഴ്നാടിനോട് നിർദേശിച്ചിരുന്നു. എന്നാൽ തമിഴ്നാട് ഇതുവരെയും കൃത്യമായ ഫോർമാറ്റിൽ അപേക്ഷ നൽകിയിട്ടില്ല എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.


മരം മുറിയുമായി ബന്ധപ്പെട്ട് അനുമതി നൽകിയിട്ടില്ലെന്ന വാദത്തിൽ സംസ്ഥാന സർക്കാരും മന്ത്രിമാരും ഉറച്ചു നിൽക്കുമ്പോഴാണ് ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ സമർപ്പിച്ചതിന്റെ രേഖകൾ പുറത്തു വന്നിരിക്കുന്നത്.

മരം മുറിക്കാൻ ഒരു യോഗത്തിലും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. സെപ്റ്റംബർ 17ന് കേരളവും തമിഴ്നാടും തമ്മിൽ ചേർന്ന യോഗത്തിൽ മരം മുറിക്കാൻ തീരുമാനിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്നാണ് പറഞ്ഞത്. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ലെന്നും മന്ത്രി ആവർത്തിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന രേഖകളിൽ സെപ്റ്റംബർ 17ന് ചേർന്ന യോഗത്തിൽ തന്നെ തമിഴ്നാടിന് മരം മുറിക്കാനുള്ള അനുമതി നൽകിയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.


മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേർന്ന് നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ മാതൃഭൂമി ന്യൂസ് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. തമിഴിനാടിന് ടി.കെ.ജോസ് നൽകിയ മിനിട്സിലായിരുന്നു മരംമുറിക്ക് അനുമതി നൽകുന്നത് പരിഗണനയിലാണെന്ന് ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നത്. തമിഴ്നാടും കേരളവുമായി നടത്തിയ ചർച്ചയുടെ മിനിട്സ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പൾ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!