സുഹൃത്തിന്റെ 11കാരിയായ മകളെ പീഡിപ്പിച്ചതായി കേസ്; ബദിയഡുക്കയിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റ് അറസ്റ്റില്‍

മുള്ളേരിയ : ഗൾഫുകാരനായ സുഹൃത്തിന്റെ പതിനൊന്നുകാരിയായ മകളെ കാറിൽ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ബദിയടുക്ക ഗോളിയടുക്കയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ മൊയ്തുവി(54)നെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മാതാവിന്റെ മുളിയാർ പരിസരത്തെ വീട്ടിലായിരുന്ന കുട്ടിയെ കാസർകോടിനടുത്തുള്ള തന്റെ വീട്ടിൽ എത്തിക്കണമെന്ന് ഗൾഫിലുള്ള കുട്ടിയുടെ പിതാവ് സുഹൃത്തായ മൊയ്തുവിനോട് സഹായമഭ്യർഥിച്ചിരുന്നു. ഇതനുസരിച്ച് മൊയ്ദു അയാളുടെ സുഹൃത്തായ ഇബ്രാഹിമിനെ യും കൂടി കുട്ടിയുണ്ടായിരുന്ന വീട്ടിലെത്തി കുട്ടിയെ കാറിൽ കയറ്റി ബദിയഡുക്ക, മാന്യ നീർച്ചാൽ തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം സന്ധ്യയോടെ കാസർകോട്ട് വീട്ടിൽ എത്തിക്കുകയായിരുന്നു. അതിനുശേഷം കുട്ടി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും വീട്ടുകാർ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയുമായിരുന്നു. കൗൺസിലിംഗിൽ കാറിന്റെ പിൻ സീറ്റിൽ ഇരുന്ന തന്നെ ഒപ്പമിരുന്ന മൊയ്തു പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തുകയായിരുന്നു എന്ന് പറയുന്നു. ഇതേ തുടർന്ന് വീട്ടുകാർ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ്ലൈൻ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം വിദ്യാനഗർ പോലീസിൽ റിപ്പോർട്ട് നൽകുകയായിരുന്നു. സംഭവം നടന്നത് ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ വിദ്യാനഗർ പോലീസ് ആദൂർ പൊലീസിന് കേസ് കൈമാറുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഗോളിയടുക്കയിലെ വീട്ടിൽ നിന്നും മൊയ്തുവിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. കാറോടിച്ചിരുന്ന ഗോളിയടുക്കിയിലെ ഇബ്രാഹിമിനെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

