സമീര്‍ വാങ്ക്ഡെ മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് റിട്ട; എ.സി.പി

മുംബയ്: നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബയ് സോണല്‍ മേധാവി സമീര്‍ വാങ്ക്ഡെക്കെതിരെ ആരോപണവുമായി റിട്ട.
പൊലീസ് അസി. കമ്മിഷണര്‍. തന്റെ മകന്‍ ശ്രേയസ് കെഞ്ചാലെയെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്തെന്നാണ് റിട്ട. എ.സി.പി ആനന്ദ് കെഞ്ചാലെ സത്യവാങ്മൂലം നല്‍കിയത്. സംഭവത്തില്‍ കോടതി എന്‍.സി.ബിയോട് വിശദീകരണം തേടി. ജൂണ്‍ 22ന് രാത്രിയാണ് ശ്രേയസ് കെഞ്ചാലെയെ എന്‍.സി.ബി കഞ്ചാവ് കേസില്‍ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. മകനെ അറസ്റ്റ് ചെയ്യുമ്ബോള്‍ സമീര്‍ വാങ്ക്ഡെ സ്ഥലത്തുണ്ടായിരുന്നെന്നും ഇക്കാര്യം സാക്ഷി പ്രസ്താവനയിലും മറ്റെവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും ആനന്ദ് കെഞ്ചാലെ പറയുന്നു. വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സമീര്‍ വാങ്ക്ഡെയെ കാണാം. അറസ്റ്റ് ദിവസം രാത്രി 9.47ന് സമീര്‍ വാങ്ക്ഡെ വീടിന്റെ പ്രധാന ഗേറ്റിലൂടെ ഉള്ളില്‍ കടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മറ്റൊരു എന്‍.സി.ബി ഓഫിസറായ വി.വി. സിംഗുമൊത്തുള്ള വാങ്ക്ഡെയുടെ ദൃശ്യങ്ങളുമുണ്ട്. ആര്യന്‍ ഖാന്‍ കേസിലെ അന്വേഷണ സംഘത്തിലും വി.വി. സിംഗ് അംഗമാണ്. 10.50ഓടെയാണ് വാങ്ക്ഡെ സ്ഥലത്തുനിന്ന് പോകുന്നത്. എന്നാല്‍, സോണല്‍ ഡയറക്ടര്‍ സ്ഥലത്തുണ്ടായിരുന്ന കാര്യം എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
300 ഗ്രാം കഞ്ചാവും 436 എല്‍.എസ്.ഡി ബ്ലോട്ടും ശ്രേയസില്‍ നിന്ന് പിടികൂടിയെന്നാണ് കേസ്. പിടിച്ചെടുത്ത കഞ്ചാവ് സീല്‍ ചെയ്ത് പാക്ക് ചെയ്‌തെന്നാണ് സാക്ഷി പ്രസ്താവനയിലുള്ളത്. എന്നാല്‍, 11.25ഓടെ എന്‍.സി.ബി സംഘം തിരിച്ചുപോകുമ്ബോഴുള്ള ദൃശ്യങ്ങളില്‍ സീല്‍ ചെയ്യാത്ത ബാഗാണുള്ളതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നു.
സാക്ഷിപ്രസ്താവനയുടെ കോപ്പി നല്‍കാന്‍ ഉദ്യോഗസ്ഥരോട് താന്‍ ആവശ്യപ്പെട്ടിട്ടും തന്നില്ല. എന്‍.സി.ബി ഓഫിസില്‍ ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. പിന്നീട്, എന്‍.സി.ബിക്ക് ഇ മെയില്‍ അയച്ചു. ഇതിന് പിന്നാലെ തന്‍റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്ബറില്‍ നിന്ന് ഒരു കോള്‍ വന്നു. മറുപുറത്ത് മകനായിരുന്നു സംസാരിച്ചത്. സാക്ഷിപ്രസ്താവന ആവശ്യപ്പെട്ട് മെയില്‍ അയക്കരുതായിരുന്നെന്നും എന്‍.സി.ബി വലിയൊരു കേസില്‍ തന്നെ ഉള്‍പ്പെടുത്തുമെന്നുമാണ് മകന്‍ പറഞ്ഞതെന്ന് റിട്ട. എ.സി.പി പറയുന്നു.

