KSDLIVENEWS

Real news for everyone

നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിജ് ഉദ്ഘാടനത്തിന്, സ്വപ്ന പദ്ധതി ഒരുങ്ങി

SHARE THIS ON

നീലേശ്വരം ∙ ഉപ്പുവെള്ളം തടയുന്നതിനൊപ്പം ജലസേചന, കുടിവെള്ള, ടൂറിസം പദ്ധതികൾക്കുതകുന്ന പാലായി റഗുലേറ്റർ കം ബ്രിജിന്റെ ഉദ്ഘാടന തീയതി നിശ്ചയിച്ചു. നിർമാണം പൂർത്തിയാക്കി പരിശോധനകളുൾപ്പെടെ ചെയ്തു സജ്ജമാക്കിയ തൃക്കരിപ്പൂർ മണ്ഡലത്തിന്റെ സ്വപ്ന പദ്ധതി ഡിസംബർ 26 നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും നീലേശ്വരം നഗരസഭയിലെ പാലായി കയ്യൂർ ചീമേനി പഞ്ചായത്തിലെ കൂക്കോട്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പാലം ഇതിലുണ്ട്. 12 മീറ്റർ നീളമുള്ള 14, ഏഴര മീറ്റർ നീളമുള്ള രണ്ടും ജല ഗതാഗതത്തിനുതകുന്ന ലോക്കോടു കൂടിയ ഒരു സ്പാനുമാണ് ഇതിനുള്ളത്. 2. 75 മീറ്റർ ആണ് ഉയരം, 65 കോടിയാണ് നിർമാണച്ചെലവ്.

ജലസേചനവും കുടിവെള്ളവും

വേലിയേറ്റ സമയത്തു കയറുന്ന ഉപ്പുവെള്ളത്തെ പ്രതിരോധിച്ച് 4865 ഹെക്ടർ കൃഷിയിടം നനയ്ക്കാവുന്ന ജലസേചന പദ്ധതിയാണ് മറ്റൊരു ആകർഷണം. നീലേശ്വരം നഗരസഭയ്ക്കു പുറമെ സമീപ പഞ്ചായത്തുകളായ കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂർ പഞ്ചായത്തുകൾക്കുതകുന്നതാണ് ജലസേചന, കുടിവെള്ള പദ്ധതികൾ.

ഏഴിമല നാവിക അക്കാദമി, കണ്ണൂർ സിആർപിഎഫ് ക്യാംപ് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ളത്തിന്റെ മുഖ്യസ്രോതസും കാര്യംകോട് പുഴയാണ്. പദ്ധതി സമീപ പ്രദേശങ്ങളിൽ ജലനിരപ്പുയർത്തുമെന്നതിനാൽ കിണറുകൾക്കും കുളങ്ങൾക്കും ഗുണം ചെയ്യും. 2 ദശലക്ഷം ഘനമീറ്റർ ജലം സംഭരിക്കാനാകും. ഉപ്പുവെള്ളം തടഞ്ഞ് 18 കിലോമീറ്റർ ഭാഗത്ത് ശുദ്ധജലം ഉറപ്പു വരുത്തും.

ദേശീയപാതയിൽ തിരക്കൊഴിയും

227 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള ഡബിൾലൈൻ പാലം പദ്ധതിയിലുണ്ട്. ദേശീയപാതയ്ക്ക് സൗകര്യപ്രദമായ സമാന്തര പാതയൊരുക്കുന്നതിനാൽ ദേശീയപാതയിലെ ഗതാഗതക്കുരുക്കഴിക്കാനാകും. കയ്യൂർ- ചീമേനി, ചെറുവത്തൂർ പഞ്ചായത്തു നിവാസികൾക്ക് നീലേശ്വരത്തിന്റെ കിഴക്കൻമേഖലയുമായും മടിക്കൈ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ നിന്നു പയ്യന്നൂരിലേക്കും എളുപ്പമെത്താൻ പാലം ഉതകും. യാത്രാദൂരം 7 കിലോമീറ്റർ ആണ് കുറയുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!