KSDLIVENEWS

Real news for everyone

ദാരിദ്ര്യ സൂചിക: ഇന്ത്യയില്‍ ഏറ്റവും കുറവ് ദരിദ്രര്‍ കേരളത്തില്‍; കൂടുതല്‍ ബിഹാറില്‍

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളം. നീതി ആയോഗ് തയ്യാറാക്കിയ ദാരിദ്ര്യ സൂചികയിലാണ് സംസ്ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ദരിദ്രർ ബിഹാറിലാണെന്നും സൂചിക വ്യക്തമാക്കുന്നു.

ബിഹാറിലെ പകുതിയിലധികം പേരും ദാരിദ്ര്യം അനുഭവിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദാരിദ്ര്യം കൂടുതലുള്ള സംസ്ഥാനങ്ങളിൽ ബിഹാറും ജാർഖണ്ഡും ഉത്തർപ്രദേശും മധ്യപ്രദേശും മുന്നിൽ നിൽക്കുമ്പോൾ കേരളം ഗോവ, സിക്കിം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത്.


നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക (എംപിഐ) റിപ്പോർട്ട് പ്രകാരം ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവുമധികം ദരിദ്രരുള്ള സംസ്ഥാനങ്ങൾ. സൂചിക പ്രകാരം, ബിഹാറിലെ ജനസംഖ്യയിൽ 51.91 ശതമാനം പേരും ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും ദരിദ്രരാണ്. മധ്യപ്രദേശ് (36.65%) സൂചികയിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ, മേഘാലയ (32.67%) അഞ്ചാം സ്ഥാനത്താണ്.

കേരളം (0.71%), ഗോവ (3.76%), സിക്കിം (3.82%), തമിഴ്നാട് (4.89%), പഞ്ചാബ് (5.59%) എന്നീ സംസ്ഥാനങ്ങളിലാണ് സൂചികയിൽ ഇന്ത്യയിൽ ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ളത്.


കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്ര ആൻഡ് നാഗർ ഹവേലി (27.36%), ജമ്മു & കശ്മീർ, ലഡാക്ക് (12.58%), ദാമൻ & ദിയു (6.82%), ചണ്ഡീഗഡ് (5.97%) എന്നിവയാണ് ഏറ്റവുമധികം ദാരിദ്ര്യമുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ. ജനസംഖ്യയുടെ 1.72 ശതമാനം മാത്രം ദരിദ്രരായി അടയാളപ്പെടുത്തിയ പുതുച്ചേരി, ലക്ഷദ്വീപ് (1.82%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (4.30%), ഡൽഹി (4.79%) എന്നിവയാണ് പട്ടികയിൽ ദാരിദ്ര്യം കുറവുള്ള കേന്ദ്ര ഭരണപ്രദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!