വാഹന പരിശോധന കര്‍ശനമാക്കി എം.വി.ഡി, മൂന്ന് മാസത്തില്‍ പിഴ 80 ലക്ഷം; വാഹനാപകടവും കുറഞ്ഞു

താലൂക്കടിസ്ഥാനത്തിലേക്ക് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ പരിശോധന വ്യാപിപ്പിച്ചതോടെ പാലക്കാട് ജില്ലയിൽ അപകടനിരക്കിൽ കുറവുണ്ടായതായി റിപ്പോർട്ട്. മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകൾക്ക് പുറമേ കോവിഡ് മൂലമുണ്ടായിരുന്ന നിയന്ത്രണങ്ങളും അപകടങ്ങൾ കുറയ്ക്കുന്നതിന് സഹായകമായി.
മണ്ണാർക്കാടൊഴികെയുള്ള എല്ലാ താലൂക്കിലും മരണ-അപകട നിരക്കുകൾ കുറയ്ക്കാനുമായിട്ടുണ്ട്. മണ്ണാർക്കാട്ട് 2019 ൽ 183 അപകടത്തിലായി 24 പേർ മരിച്ചപ്പോൾ 2021 ൽ 194 അപകടം നടക്കുകയും 27 പേർ മരിക്കയും ചെയ്തെന്നാണ് മോട്ടോർവാഹന വകുപ്പിന്റെ കണക്ക്.
താലൂക്ക് തലങ്ങളിലേക്ക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം വ്യാപിപ്പിച്ചതും ഒപ്പം അപകടങ്ങൾകൂടുതലുള്ള റോഡുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതുമാണ് റോഡിൽ കുറേയേറെ ജീവൻ നഷ്ടപ്പെടാതിരക്കാൻ സഹായിച്ചത്. ജില്ലയിൽനടക്കുന്ന അപകടങ്ങളുടെ 25 ശതമാനവും സംഭവിക്കുന്ന പാലക്കാട് കുളപ്പുള്ളിപാതയിൽ ദ്രുതകർമസംഘത്തെ രൂപവത്കരിച്ചാണ് മോട്ടോർവാഹനവകുപ്പിന്റെ പ്രവർത്തനം.
അപകടം കൂടുന്നത് മൂന്നിനും രാത്രി ഒമ്പതിനും ഇടയിൽ
ജില്ലയിൽ ഒക്ടോബറിൽ നടന്ന അപകടങ്ങളിൽ മരണം സംഭവിച്ചതിൽ 43 ശതമാനവും നടന്നത് വൈകീട്ട് മൂന്നുമണിക്കും രാത്രി ഒമ്പതുമണിക്കുമിടയിലാണ്. 36 അപകടങ്ങളിൽ നിന്നായി ആറുപേരാണ് മരിച്ചത്. രാവിലെ ഒമ്പതുമണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് 37 അപകടങ്ങൾ നടക്കുകയും നാലുപേർ മരിക്കയും ചെയ്തു. ഒക്ടോബറിൽ 166 അപകടങ്ങളിൽനിന്നായി 23 പേരാണ് മരിച്ചത്.
പിഴ 80.74 ലക്ഷം രൂപ
മൂന്നുമാസത്തിനിടെ വിവിധ ഗതാഗതനിയമ ലംഘനങ്ങൾക്കായി 80.74 ലക്ഷം രൂപയാണ് പിഴയായി എൻഫോഴ്സ്മെന്റ് വിഭാഗം ഈടാക്കിയത്. ഏറ്റവുംകൂടുതൽ പിഴയീടാക്കിയത് ഒക്ടോബറിലാണ് -30.13 ലക്ഷം രൂപ. സെപ്റ്റംബറിൽ 23.32 ലക്ഷവും ഓഗസ്റ്റിൽ 27.29 ലക്ഷവും പിഴയീടാക്കി. പരിശോധനകളുടെ ഫലം
ഓരോമാസവും അപകടങ്ങൾ എവിടെയാണ് കൂടുതലെന്നും ഏത് പാതയിലാണ് കൂടുതലെന്നും കണക്കെടുക്കാറുണ്ട്. അതനുസരിച്ചാണ് പരിശോധന നടത്തുന്നത്. അപകടങ്ങൾ കുറയ്ക്കാനുമായി.
-എം.കെ. ജയേഷ് കുമാർ, ആർ.ടി.ഒ., മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ്

