KSDLIVENEWS

Real news for everyone

സിപിഎമ്മിന്റെ പാവങ്ങളല്ലാത്ത പ്രതികൾ കണ്ണൂരിലുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

SHARE THIS ON

കാസർകോട് ∙ പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയവരുടെ കൊലപാതക വാഹനവും ഗുണ്ടകളും എത്തിയതു കണ്ണൂരിൽ നിന്നാണെന്നും സിബിഐ അന്വേഷണം ഇനി കണ്ണൂരിലേക്ക് വ്യാപിപ്പിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ‘പാവങ്ങളെയാണ് കേസിൽ പ്രതിയാക്കിയതെന്നാണ് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി പറയുന്നത്. യഥാർഥ പ്രതികളെ ഇപ്പോഴും സിപിഎം മറച്ചുവയ്ക്കുകയാണ്. കണ്ണൂരിൽ നിന്നുള്ള ‘പാവങ്ങള’ല്ലാത്ത പ്രതികളുണ്ട്. ആ പ്രതികളെ കൂടി രംഗത്തെത്തിച്ച ശേഷമേ കോൺഗ്രസ് പോരാട്ടം അവസാനിപ്പിക്കൂ.’–ഉണ്ണിത്താൻ പറഞ്ഞു.

ഗുണ്ടകളുടെ വാഹനം കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെ അന്നൂരിൽ നിന്നു പുറപ്പെടുന്നതു കണ്ടവരുണ്ട്. സിപിഎം കണ്ണൂർ ലോബിയുടെ കൃത്യമായ മേൽനോട്ടത്തിലാണ് കൊലപാതകം നടന്നത്. ഗൂഡാലോചന ഉന്നതതലത്തിലാണ് നടന്നത്. കണ്ണൂരിലെ നേതാക്കൾക്ക് കൊലപാതകത്തിൽ കൃത്യമായ പങ്കുണ്ട്. കൊലപാതകദിവസം വൈകിട്ട് ബ്രാഞ്ച് കമ്മിറ്റി യോഗം കൂടിയാണ് തീരുമാനങ്ങളെടുത്തത്. ഇക്കാര്യം ലോക്കൽ പൊലീസ് ആദ്യം കേസന്വേഷിച്ചപ്പോൾ കണ്ടെത്തിയതാണ്. ഇത് ബ്രാഞ്ച് കമ്മിറ്റി ഒറ്റക്കെടുത്ത തീരുമാനമല്ല. ബ്രാഞ്ച് കമ്മിറ്റിക്ക് മുകളിൽ നിന്നു കൃത്യമായ നിർദേശം ലഭിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കപ്പെടണം.–ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

കൊലയിൽ പങ്കാളികളായവർ ഇനിയുമുണ്ട്; കുടുംബം

കൊലപാതകത്തിൽ പങ്കാളിത്തമുള്ളതായി സംശയിക്കപ്പെടുന്ന 4 പേർ ഇപ്പോഴും പുറത്തുണ്ടെന്ന് പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ ലാലിന്റെയും കുടുംബം. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ നേരത്തേ തന്നെ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. പക്ഷേ ചോദ്യം ചെയ്യാൻ പോലും തയാറായില്ല. ഇതാണ് ഞങ്ങൾ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കാരണം.

ഈ 4 പേർ സ്വതന്ത്രമായി നാട്ടിലൂടെ നടക്കുമ്പോൾ ഞങ്ങളുടെ രണ്ട് കുടുംബങ്ങൾക്കും നീതി കിട്ടി എന്നു പറയാനാവില്ല. 2 പേർ കൊലപാതകികളുമായി വളരെ അടുത്ത് ബന്ധപ്പെട്ടവരാണ്.4 പേരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. സിബിഐ നടത്തുന്ന അന്വേഷണം തൃപ്തികരമാണ്. മറ്റുള്ളവരെ കൂടി കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.– ശരത്‌ ലാലിന്റെ അച്ഛൻ സത്യനാരായണൻ‌ പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ’

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയും അനുവാദത്തോടെയുമാണ് നടക്കുന്നതെന്ന ബിജെപിയുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് പെരിയ കേസിൽ ഉദുമ മുൻ എംഎൽഎയെ സിബിഐ പ്രതി ചേർത്ത സംഭവമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പറഞ്ഞു.വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിനു പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ അഭിഭാഷകന് 88 ലക്ഷം രൂപ ഫീസിനത്തിൽ സംസ്ഥാന സർക്കാർ നൽകിയപ്പോൾ തന്നെ ഈ കൊലപാതകത്തിനു പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നതു വ്യക്തമായിരുന്നു.പെരിയ കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടിയിട്ടു പോലും അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി സിപിഎമ്മിന്റെ പേരെടുത്ത് പറയാൻ മടിച്ചു. പല സംസ്ഥാനങ്ങളിലും സിപിഎമ്മും കോൺഗ്രസും ഇപ്പോൾ സഖ്യകക്ഷികളാണ്.

രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല ചെയ്യപ്പെട്ട കേസിൽ സിപിഎമ്മിന്റെ മുൻ എംഎൽഎയെ തന്നെ പ്രതിചേർത്ത സാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും സിപിഎമ്മുമായുണ്ടാക്കിയ രാഷ്ട്രീയ സഖ്യത്തെ കുറിച്ച് വിശദീകരണം നൽകാൻ കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!