കുനൂർ അപകടത്തിൽ ദുഃഖത്തോടെ രാജ്യം: ഇന്ത്യയെ നടുക്കിയ ചില ആകാശ അപകടങ്ങൾ

ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഇതിനു മുൻപും നാടിനെ നടുക്കിയ ആകാശ അപകടങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. അവയിൽ ചിലത്:
2009: ആന്ധ്രയെ കരയിച്ച വൈഎസ്ആർ വിയോഗം
ഹൈദരാബാദിലെ ബേഗംപേട്ട് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ബെൽ 430 ഹെലികോപ്റ്ററിൽ അഞ്ച് യാത്രികരാണ് ഉണ്ടായിരുന്നത്. അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയും കോപ്റ്ററിൽ ഉണ്ടായിരുന്നു. കാലാവസ്ഥ മോശമായിരുന്നതിനാൽ യാത്രാപാതയിൽ മാറ്റം വരുത്താൻ ഫ്‌ളൈറ്റ് ക്രൂ തീരുമാനിച്ചു. കൃഷ്ണാ നദിക്കു സമീപംവച്ച് എയർ ട്രാഫിക് കൺട്രോളിന് കോപ്റ്ററുമായുള്ള ബന്ധം നഷ്‌ടപ്പെട്ടു. നല്ലമല കാടുകൾക്കു മുകളിലായിരുന്നു അപ്പോൾ കോപ്റ്റർ.
വൈഎസ് രാജശേഖര റെഡ്‌ഡി സഞ്ചരിച്ച ഹെലികോപ്റ്ററിനായി രക്ഷാ സേന തിരച്ചിൽ നടത്തുന്നു.
ഓയിൽ മർദ്ദത്തിൽ അപകടകരമായ വ്യതിയാനമുണ്ടായതോടെ കോപ്റ്റർ നിലത്തിറക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് നിലം പതിക്കുകയായിരുന്നു. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല. വൈഎസ്ആർ മരിച്ചുവെന്ന് അടുത്ത ദിവസമാണ് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചത്. വൈഎസ്ആർ എന്ന് വിളിപ്പേരുള്ള രാജശേഖരറെഡ്‌ഡിയുടെ മരണം ആന്ധ്രയിലെ ജനങ്ങൾക്ക് ഇന്നുമൊരു തീരാനോവാണ്.
2019: ഇന്ത്യൻ എയർഫോഴ്‌സ് എഎൻ-32 അപകടം
2019 ജൂൺ മൂന്നിന് അസമിലെ ജോർഹത് വിമാനത്താവളത്തിൽനിന്ന് അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പോകുകയായിരുന്ന ഇരട്ട എൻജിൻ ടർബോപ്രോപ് എയർക്രാഫ്റ്റ് എഎൻ-32ന് സംഭവിച്ച അപകടം രാജ്യത്തെ നടുക്കിയ മറ്റൊരു ഓർമയാണ്. വിമാനം പുറപ്പെട്ട് 32 മിനിറ്റ് പിന്നിട്ടപ്പോഴാണ് അപകടം സംഭവിച്ചത്. വിമാനത്തിൽ 13 യാത്രികരാണ് ഉണ്ടായിരുന്നത്. ഇവർക്കായി ഒരാഴ്‌ചയോളം തിരച്ചിൽ നീണ്ടു.
സമുദ്രനിരപ്പിൽനിന്ന് 12,000 അടി ഉയരത്തിൽ പരി കുന്നുകളിൽ നിന്നാണ് വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടുകിട്ടിയത്. 13 വ്യോമസേനാ അംഗങ്ങൾ, എട്ട് ക്രൂ അംഗങ്ങൾ, അഞ്ച് യാത്രികർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. എല്ലാവരും മരിച്ചതായി പിന്നീട് രാജ്യം സ്ഥിരീകരിക്കുകയും തിരച്ചിൽ നിർത്തുകയും ചെയ്‌തു.
2004: കത്തിയമർന്നത് തെന്നിന്ത്യൻ താരപ്രഭ
2004 ഏപ്രിൽ 17. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം അണപൊട്ടിയൊഴുകുന്ന സമയം. ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാൻ സഹോദരനായ അമർനാഥിനൊപ്പം കരിംനഗറിൽ (മുൻ ആന്ധ്രാപ്രദേശ് ജില്ല) നിന്ന് ബെംഗളുരുവിലേക്ക് ഹെലികോപ്റ്ററിൽ പോവുകയായിരുന്നു പ്രശസ്‌ത തെന്നിന്ത്യൻ സിനിമാ താരം സൗന്ദര്യ. എന്നാൽ, 11.05ന് പുറപ്പെട്ട കോപ്റ്റർ വെറും മുപ്പത് അടി പിന്നിട്ടപ്പോൾത്തന്നെ കത്തിയമർന്നു.
കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്രയിലാണ് പതിച്ചത്. നിലം പതിക്കും മുൻപുതന്നെ കോപ്റ്റർ ആടിയുലഞ്ഞത് കണ്ടതായി ദൃക്‌സാക്ഷിയായ ഗണപതി വെളിപ്പെടുത്തുന്നു. അന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്ന സൗന്ദര്യയുടെ മരണം സിനിമാ ലോകത്തെയും സാധാരണ ജനത്തെയും ഏറെ നടുക്കി.
2016: ഇന്ത്യൻ എയർ ഫോഴ്‌സ് വിമാനം കാണാതാവുന്നു
2016 ജൂലൈ 22ന് ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറന്ന എഎൻ-32 എയർക്രാഫ്റ്റ് കാണാതായി. ചെന്നൈയിലെ താംബരം വ്യോമസേനാ താവളത്തിലേക്ക് വരാനിരുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. 29 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. രാവിലെ 9.12 ന് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് ബംഗാൾ ഉൾക്കടലിൽ തിരച്ചിൽ തുടർന്നു. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തിരച്ചിൽ എന്നാണ് അന്ന് ആ രക്ഷാപ്രവർത്തനത്തെ വിശേഷിപ്പിച്ചത്.

കാണാതായ എഎൻ-32ന്റെ തിരച്ചിലിനു ശേഷം താംബരത്തു എത്തിയ ഇന്ത്യൻ വായുസേനയുടെ വിമാനം.
ആറ് ക്രൂ അംഗങ്ങൾ, 11 വ്യോമ സേനാ അംഗങ്ങൾ, രണ്ട് സൈനികർ, ഒരു നാവിക സേനാംഗം, ഒരു കോസ്റ്റ് ഗാർഡ് അംഗം, നാവിക സന്നദ്ധസംഘത്തിൽ പ്രവർത്തിച്ച എട്ട് പ്രതിരോധ ഭടന്മാർ എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ദിവസങ്ങളോളം നീണ്ടു. 16 കപ്പലുകൾ, ഒരു അന്തർവാഹിനി, ആറ് വിമാനങ്ങൾ എന്നിവയാണ് തിരച്ചിലിനായി ഉപയോഗിച്ചത്. 2016 സെപ്റ്റംബർ 15ന് തിരച്ചിൽ നടപടികൾ നിർത്തിവച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന 29 യാത്രികരും മരിച്ചതായി കണക്കാക്കുകയും കുടുംബങ്ങളെ ഔദ്യോഗികമായി വിവരം അറിയിക്കുകയും ചെയ്‌തു.
1963ലെ അല്ലറ്റ്- III അപകടം
1963 നവംബർ 23ന് ഇന്ത്യൻ വായുസേനയുടെ അല്ലറ്റ്- III ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ പൂഞ്ചിൽ തകർന്നുവീണു. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഹെലികോപ്റ്റർ അപകടങ്ങളിൽ ഒന്നായിരുന്നു ഇത്. വിമാനത്തിൽ ആറു പേരാണ് ഉണ്ടായിരുന്നത്. മൂന്ന് ജനറൽ ഓഫിസർമാരും ഒരു ബ്രിഗേഡിയറും ഒരു വായുസേനാ ഓഫിസറും കോപ്റ്ററിൽ യാത്ര ചെയ്യാൻ ഉണ്ടായിരുന്നു. ലഫ്റ്റനന്റ് ജനറൽ ബിക്രം സിങ്, എയർ വൈസ് മാർഷൽ എർലിക് പിന്റോ, പൈലറ്റ് ഫ്‌ളൈറ്റ് ലഫ്റ്റനന്റ് എസ്.എസ്.സോധി എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
1986: എഎൻ-32 വിമാനാപകടം
1986 മാർച്ച് 25ന് അറബിക്കടലിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് എഎൻ-32 വിമാനം ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നത്. സോവിയറ്റ് യൂണിയനിൽനിന്ന് ഇന്ത്യയിലേക്ക് മസ്‌ക്കറ്റ് വഴി വന്നിരുന്ന വിമാനമാണ് റഡാറിൽനിന്ന് അപ്രത്യക്ഷമായത്. പറന്നുയർന്ന് 78 മിനിറ്റുകൾക്ക് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഏഴ് യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തിരച്ചിലിനൊടുവിൽ ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.

