ലിബറൽ നയങ്ങളുടെ മറവിൽ സാംസ്കാരിക ഫാഷിസത്തിന് ശ്രമിക്കുന്നുവരെ കരുതിയിരിക്കുക: എസ്.എസ്.എഫ്

കേച്ചേരി: സമൂഹത്തിൽ നിരാക്ഷേപം അനുവർത്തിച്ച് പോരുന്ന നൻമകളെ ഇല്ലായ്മ ചെയ്ത് ലിബറൽ കപട മൂല്യങ്ങളെ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങളെ കരുതിയിരിക്കണമെന്ന് എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീര്‍ പറഞ്ഞു. ലെറ്റ്സ് സ്മൈല്‍ ഇറ്റ്സ് ചാരിറ്റി എന്ന പ്രമേയത്തില്‍ നീലഗിരി ഉള്‍പ്പെടെ 17 ജില്ലകളിലെ കാമ്പസ് അസംബ്ലിക്ക് ശേഷം 2022 ജനുവരി 28,29,30 തിയ്യതികളില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരിലെ കേച്ചേരിയില്‍ നടക്കുന്ന കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാർമികതയോട് വികല സമീപനം പുലർത്തുന്ന ലിബറൽ ചിന്താഗതിക്കാർ നമ്മുടെ നാടിന്റെ വൈവിധ്യത്തെയും, സംസ്കാരത്തെയുമാണ് നശിപ്പിക്കുന്നത്. സാംസ്കാരിക ഫാഷിസത്തിന് വഴിയൊരുക്കുന്ന ലിബറൽ അജണ്ടകൾക്ക് സഹായകമാകുന്ന തരത്തിലുള്ള ഇടപെടലുകൾ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് യു.എം ശിഹാബ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി കേരള കാമ്പസ് അസംബ്ലിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് തഖ് യുദ്ധീൻ തങ്ങൾ ആന്ത്രോത്ത് ,എ എ അബൂബക്കർ ഹാജി, പി. സി അബ്ദു റഊഫ് മിസ്ബാഹി, പി. കെ ബഷീർ അശ്റഫി, അബ്ദുല്ലത്തീഫ് നിസാമി കുന്ദംകുളം, ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി സംസാരിച്ചു. ശനീബ് മുല്ലക്കര സ്വാഗതവും അനസ് ശ്രീപുഷ്കരം നന്ദിയും പറഞ്ഞു.
1.കേരള കാമ്പസ് അസംബ്ലി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.എം.കെ ഫൈസി നിര്‍വ്വഹിക്കുന്നു
2.കേരള കാമ്പസ് അസംബ്ലി യുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന പ്രഭാഷണം നടത്തുന്നു

