അവരുടെ നിഘണ്ടുവില്‍ മാഫിയവാഴ്ചയും കുടുംബാധിപത്യവും- പ്രതിപക്ഷത്തിനെതിരേ മോദി

വാരാണസി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയിൽ 870 കോടി രൂപ ചെലവിട്ട് നടപ്പാക്കുന്ന 22 പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി അടിസ്ഥാനത്തിൽ മാത്രം ജനങ്ങളെ കാണുന്ന അവർക്ക് ഉത്തർപ്രദേശിന്റെ വികസനം ഒട്ടും താത്പര്യമില്ലാത്ത വിഷയമാണ്. അവർ മാഫിയകളെ സഹായിക്കുകയും പോറ്റി വളർത്തുകയും ചെയ്യുന്നു. കുടുംബാധിപത്യം മാത്രമാണ് അവരുടെ നിഘണ്ടുവിലുള്ളത്. അനധികൃതമായി സ്വത്തുവകകൾ സമ്പാദിക്കുന്നതിലാണ് അവർക്ക് താത്പര്യമെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെ സൂചിപ്പിച്ച് മോദി വിമർശിച്ചു.
എന്നാൽ, എല്ലാവരേയും വിശ്വാസത്തിലെടുത്തുള്ള വികസനമാണ് ബിജെപിയുടെ ലക്ഷ്യം. പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ പാൽ ഉത്പാദനം ഉൾപ്പെടെ സംസ്ഥാനത്തെ ക്ഷീരോത്പാദന മേഖലയിലെ വികസനം ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. പശുക്കളെ കുറിച്ച് സംസാരിക്കുന്നത് പോലും കുറ്റമായി ചിലർ കാണുന്നുവെന്നും മോദി വിമർശിച്ചു.

