KSDLIVENEWS

Real news for everyone

ആലപ്പുഴ ഇരട്ട കൊലപാതകം: ആര്‍എസ്എസ്- എസ്ഡിപിഐ ക്രിമിനല്‍ ലിസ്റ്റ് തയ്യാറാക്കാന്‍ പോലീസ്

SHARE THIS ON

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആർഎസ്എസ്- എസ്ഡിപിഐ സംഘടനകളിലുള്ള ക്രിമിനൽ ലിസ്റ്റിൽ പെട്ട ആളുകളുടെ പട്ടിക തയ്യാറാക്കാൻ പോലീസ്. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ജില്ലാ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുക. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പേരുവിവരങ്ങളും കേസുകളുടെ വിവരങ്ങളുമാണ് ശേഖരിക്കുന്നത്.

ഇതിനൊപ്പം വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും. സമീപകാലത്ത് കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും.


അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും. നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു.

വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്ക് പ്രത്യേക നിർശേം നൽകി. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!