കോവിഡ് ബാധിച്ച് മരിച്ച മുളിയാറിലെ മഹാലിങ്കന് അന്ത്യവിശ്രമം ഒരുക്കിയത് യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍

കാസര്‍കോട്: മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയുമായി വീണ്ടും മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍. കോവിഡ് രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മുളിയാര്‍ അമ്മങ്കോട് ചക്ലിയ കോളനിയിലെ മഹാലിങ്കന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സംസ്‌കരിച്ചു.
മുളിയാര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജെ.എച്ച്.ഐ. പി.കെ. ജലീല്‍, ജെ.പി.എച്ച്.എന്‍മാരായ ജെസി ഡൊമനിക്, രേണുക എന്നിവരുടെ മേല്‍നോട്ടത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരിന്റെയും വൈസ്പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്തിന്റെയും നേതൃത്വത്തില്‍ വൈറ്റ്ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ സി.ബി ലത്തീഫ്, കാസര്‍കോട് മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റന്‍ ഗഫൂര്‍ ബേവിഞ്ച, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സിദ്ധ, ചെര്‍ക്കള വാര്‍ഡ് സെക്രട്ടറി ഫൈസല്‍ പൈച്ചു, കിദാസ് ബേവിഞ്ച എന്നിവരാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
അമ്മങ്കോട് ചക്ലിയ എസ്.സി. കോളനിയിലെ മഹാലിങ്കന്‍ (70) കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സക്കിടെ മരിച്ചത്. നാല് ദിവസം മുമ്പാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ:കമല. മക്കള്‍: ഭാസ്‌കരന്‍, ലീലാവതി. സഹോദരങ്ങള്‍: വെങ്കിട്ടേഷ്, പാറു, മായി, സരോജിനി, സരസ്വതി.
കോവിഡ് രോഗം സ്ഥിരീകരിച്ച് മരണപ്പെടുന്ന നിരവധിപേരുടെ സംസ്‌കാര ചടങ്ങുകളാണ് വൈറ്റ്ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിവരുന്നത്. നേരത്തെ ഒരു ക്രൈസ്തവ സഹോദരിയുടെ മൃതദേഹവും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ സംസ്‌കരിച്ചിരുന്നു.

