കോവിഡ് കൂടുന്നു; 1.4 കോടി ജനങ്ങളെ ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈനീസ് നഗരം

ബെയ്ജിംഗ്: വീണ്ടും കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂട്ട പരിശോധന നടത്താനൊരുങ്ങി ചൈനീസ് നഗരം. അടുത്ത 48 മണിക്കൂറിനുള്ളില്‍ 1.4 കോടി ജനങ്ങളെ പരിശോധിക്കാനാണ് ചൈനീസ് തുറമുഖ നഗരമായ ടിയാന്‍ജിന്‍ ലക്ഷ്യമിടുന്നത്.
പുതിയതായി സ്ഥിരീകരിച്ച 20 കേസുകളില്‍ രണ്ടെണ്ണം ഒമിക്രോണ്‍ വകഭേദം മൂലമാണ്. മഹാമാരിയെ പൂര്‍ണമായും തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ടുള്ള സീറോ-കോവിഡ് നയത്തിന്‍റെ ഭാഗമായാണ് കൂട്ടപരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് വിധേയരാകുന്നത് വരെ എല്ലാവരും വീടിനുള്ളില്‍ തുടരാനാണ് നിര്‍ദേശം.
കഴിഞ്ഞമാസം അവസാനം മുതല്‍ ടിയാന്‍ജിനില്‍ ലോക്ഡൗണാണ്. അവശ്യ സാധനങ്ങള്‍ക്കുള്ള ഷോപ്പിംഗ് പോലും നിരോധിച്ചിരിക്കുകയാണ്. പൊതുഗതാഗതം ഉപയോഗിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് ഫലം നല്‍കണം.

