KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; അന്വേഷണ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി, ചോദ്യങ്ങളുമായി ജഡ്ജിമാര്‍

SHARE THIS ON

ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായ സംഭവത്തിൽ അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ചണ്ഡിഗഡ് ഡിജിപി, എൻഐഎ ഐജി, ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ അംഗങ്ങളായിരിക്കും. ഇതിന് പുറമെ പഞ്ചാബ് പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനും സമിതിയിലുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായ സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്.

നിങ്ങൾ തീരുമാനം എടുത്തുകഴിഞ്ഞുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. പിന്നെന്തിനാണ് കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ഹിമ കോലി വാദത്തിനിടെ സോളിസിറ്റർ ജനറലോട് ചോദിച്ചു. പഞ്ചാബ് സർക്കാരിന് അയച്ച കാരണം ബോധിപ്പിക്കാനുള്ള നോട്ടീസ് തന്നെ പരസ്പര വിരുദ്ധമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേ നോട്ടീസിൽ തന്നെ അന്വേഷണത്തിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതായി പറയുന്നുണ്ട്. അതിനോടൊപ്പം തന്നെ സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് സർക്കാരാണ് കുറ്റക്കാരെന്നും പറയുന്നു. എവിടെയാണ് അന്വേഷണം. ആരാണ് കുറ്റക്കാരായി കണ്ടെത്തിയത്-കോടതി ചോദിച്ചു.


കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു. സുരക്ഷ വീഴ്ച്ച സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതി നടത്തുന്ന അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യവും കോടതി തള്ളി. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങൾ കേന്ദ്ര സർക്കാരിന് മാത്രമേ അന്വേഷിക്കാൻ ആകുകയുള്ളു എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. എന്നാൽ കേന്ദ്രം നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചാബ് സർക്കാർ കോടതിയിൽ ആരോപിച്ചു. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്കും, ഡിജിപി ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണെന്നും പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി.

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് കോടതി നിർദേശിച്ചു. രേഖകൾ കൈമാറിയിട്ടുണ്ടെന്ന് പഞ്ചാബ് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!