ജൈവ പച്ചക്കറിക്ക് ഊന്നൽ വിദ്യാനഗര്‍ ദേശീയപാതയോരത്ത് ആരംഭിച്ച ജൈവ പച്ചക്കറി വില്‍പ്പന തകൃതിയിൽ ; സ്വന്തം കൃഷിയിടത്തിലെ ഉല്പന്നങ്ങളുമായി നിരവധിപേര്‍

വിദ്യാനഗര്‍: സ്വന്തം കൃഷിയിടങ്ങളിലെ ഉല്പന്നങ്ങളുമായി ദേശീയപാതയോരത്ത് വില്‍പ്പനക്കെത്തുന്നത് നിരവധിപേര്‍. വിദ്യാനഗര്‍ ഗവ. കോളേജിന് സമീപം ദേശീയപാതക്കരികില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍പ്പനക്കായി നിരത്തിവെച്ചിരിക്കുന്നത് പതിവ് കാഴ്ചയാണ്. മഞ്ചേശ്വരം കമ്പാറിലെ ദേരണ്ണഷെട്ടിയുടെ പറമ്പില്‍ വിളയിച്ച പച്ചക്കറികളാണ് ഇവിടെ കൂടുതലായും വില്‍പ്പനക്കെത്തിക്കുന്നത്. കമ്പാര്‍ ബെദിരടുക്കത്തെ നാലരയേക്കര്‍ സ്ഥലത്താണ് ദേരണ്ണഷെട്ടി കൃഷി ചെയ്യുന്നത്. ബെദിരടുക്കത്തെ ഗണേഷ്, ഉദയഗിരിയിലെ സതീഷ് എന്നിവരാണ് പച്ചക്കറി വില്‍പ്പനയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ആറ് വര്‍ഷമായി മഴക്കാലത്ത് ജൈവ പച്ചക്കറി വില്‍പ്പന നടത്തിവരികയാണെന്നാണ് ഇവര്‍ പറയുന്നത്. രണ്ടരമാസക്കാലം വില്‍പ്പന തുടരും. മഴ മാറുമ്പോള്‍ അവസാനിപ്പിക്കും. നാടന്‍ വെണ്ട, നരമ്പന്, തണ്ണിമത്തന്, കക്കരി, വെള്ളച്ചെരങ്ങ, കുമ്പളം, വെള്ളരി തുടങ്ങിയവയാണ് വില്‍ക്കുന്നത്. വെള്ളച്ചെരങ്ങക്ക് കിലോവിന് 40 രൂപ, നരമ്പന് 60 രൂപ, തണ്ണിമത്തന് 30, കക്കരിക്ക് 30 എന്നീ ക്രമത്തിലാണ് വില്‍പ്പന നടത്തുന്നത്. ദേരണ്ണഷെട്ടി പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് പച്ചക്കറി കൃഷി നടത്തുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ആവശ്യക്കാര്‍ ഏറെയാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വില്‍പ്പന വൈകിട്ട് അഞ്ചുമണിവരെയുണ്ടാകും. തൊട്ടടുത്ത് പഴവര്‍ഗങ്ങളുടെ വില്‍പ്പനയും നടക്കുന്നുണ്ട്

