63 പേര്‍ക്കു കൂടി ഒമിക്രോണ്‍, വ്യാപനം രൂക്ഷം; ആശുപത്രികള്‍ സജ്ജം; ജാഗ്രത വേണം

തിരുവനന്തപുരം :- സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ആളുകള്‍ കൂട്ടംകൂടരുത്. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണം. ചൊവ്വാഴ്ച രോഗികള്‍ 28,000 കടന്നു. രോഗസ്ഥിരീകരണ നിരക്ക് 35.27 ആയി. രോഗികളുടെ എണ്ണത്തില്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 204 ശതമാനം വര്‍ധനയാണ്. വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. കോളേജുകള്‍ അടയ്ക്കുന്നത് പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ-മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
മൂന്നുദിവസം പനിച്ചാല്‍ വൈദ്യസഹായം തേടണം
കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടുകയും കുടുംബാംഗങ്ങളുമായി സാമൂഹ്യ അകലം പാലിക്കുകയും വേണം. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയാല്‍ സ്വയം നിരീക്ഷണത്തിലിരിക്കണം.
മൂന്നുദിവസം തുടര്‍ച്ചയായി അനുഭവപ്പെടുന്ന പനി, ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചില്‍ വേദനയും മര്‍ദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടും കടുത്ത ക്ഷീണവും പേശീവേദനയും ശരീരത്തില്‍ ഓക്സിന്‍ അളവ് കുറയുക തുടങ്ങിയവയില്‍ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണം.
വായുസഞ്ചാരമുള്ള മുറിയിലാകണം സമ്ബര്‍ക്കവിലക്കില്‍ കഴിയേണ്ടത്. എപ്പോഴും എന്‍ 95 മാസ്കോ ഡബിള്‍ മാസ്കോ ഉപയോഗിക്കണം. ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. പാത്രങ്ങള്‍ ഉള്‍പ്പെടെ വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കുവയ്ക്കരുത്. ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ്, ഡിറ്റര്‍ജന്റ്, വെള്ളം എന്നിവ ഉപയോഗിച്ച് വൃത്തിയാക്കണം. ഓക്സിജന്‍ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം. കോവിഡ് പോസിറ്റീവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസത്തില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. ഇതിനുശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ആശുപത്രികളില്‍ പ്രതിസന്ധിയില്ല
സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ വിഭാഗങ്ങള്‍ അടച്ചുപൂട്ടിയെന്ന മാധ്യമ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആശുപത്രികളില്‍ പ്രതിസന്ധിയില്ല. കിടത്തിചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം മുന്‍ രോഗവ്യാപന നാളുകളിലേക്കാള്‍ കുറവാണ്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.
സ്കൂളില്‍ വാക്സിന്‍ ഇന്നുമുതല്‍
സംസ്ഥാനത്ത് കൗമാരക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ സ്കൂളുകളില്‍ കോവിഡ് വാക്സിന്‍ നല്‍കും. പകല്‍ ഒമ്ബതുമുതല്‍ മൂന്നുവരെയാണ് കുത്തിവയ്പ്. സ്കൂളുകളുടെ സൗകര്യം കണക്കിലെടുത്ത് സമയത്തില്‍ മാറ്റം വരുത്താം. 15നു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ എടുത്തെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.
63 പേര്ക്കുകൂടി
ഒമിക്രോണ്
സംസ്ഥാനത്ത് 63 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നാലുപേര്‍ വിവിധ രാജ്യങ്ങളില്‍നിന്ന് വന്ന തമിഴ്നാട് സ്വദേശികളാണ്. 36 പേര്‍ വിവിധ രാജ്യങ്ങളില്‍നിന്ന് വന്നവരാണ്. ഒമ്ബതുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും. തിരുവനന്തപുരത്തുള്ള ഏഴുപേര്‍ക്കും തൃശൂരിലെ രണ്ടുപേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍.
തിരുവനന്തപുരത്തെ ആറുപേര്‍ മാര്‍ ബസേലിയോസ് കോളേജിലെ വിദ്യാര്‍ഥികളാണ്. വിനോദയാത്രയ്ക്കുശേഷം കോവിഡ് ക്ലസ്റ്റര്‍ ആയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 591 പേര്‍ക്കാണ് ഒമിക്രോണ്‍.

