KSDLIVENEWS

Real news for everyone

കൊവിഡ് ധനസഹായം ഉറപ്പാക്കാന്‍ സുപ്രീംകോടതി, കേരളത്തിന് വീണ്ടും വിമര്‍ശനം

SHARE THIS ON

ലീഗല്‍ സര്‍വീസ് അതോറിറ്റിയെ ഓംബുഡ്സ്‌മാനായി നിയമിക്കും

 ആന്ധ്ര, ബീഹാര്‍ ചീഫ് സെക്രട്ടറിമാരെ വിളിച്ചു വരുത്തി

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് മരണത്തിന്റെ ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി, ധനസഹായ വിതരണം ഉറപ്പാക്കാന്‍ നേരിട്ട് ഇടപെടുന്നു.ഇതിനായി അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സംസ്ഥാന, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികളെ സുപ്രീംകോടതിയുടെ ഓംബുഡ്സ്‌മാനായി നിയമിച്ച്‌ ഉടന്‍ ഉത്തരവിടുമെന്നും ജസ്റ്റിസ് എം.ആര്‍ ഷാ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.

കൊവിഡ് മരണങ്ങളേക്കാള്‍ കുറവ് നഷ്ടപരിഹാര അപേക്ഷകള്‍ ലഭിച്ചിട്ടുള്ള എല്ലാ സംസ്ഥാനങ്ങളിലും സുപ്രീംകോടതി നേരിട്ട് ഇടപെടും. നഷ്ടപരിഹാരം വൈകുന്നതിന് ആന്ധ്ര, ബീഹാര്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ കോടതി വിളിച്ചു വരുത്തുകയും ചെയ്‌തു. വെര്‍ച്വലായി ഹാജരായ ഇരുവരും അപാകതകള്‍ പരിഹരിക്കാമെന്ന് കോടതിക്ക് ഉറപ്പു നല്‍കി.

മറ്റ് സംസ്ഥാനങ്ങളില്‍ മരണങ്ങളേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുമ്ബോള്‍ കേരളത്തില്‍ നേരേ വിപരീതമാണ്. കേരളത്തില്‍ 49,300 മരണങ്ങളുണ്ട്. അപേക്ഷകള്‍ 27,274 ആണ്. ഇതില്‍ 23,652 പേര്‍ക്ക് ധനസഹായം നല്‍കിയെന്ന് കേരളത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനസഹായം തേടുന്നവരുടെ എണ്ണം കുറയുന്നത് എന്തുകൊണ്ടാണ്? കൊവിഡ് ബാധിച്ച്‌ മരിച്ചതിന്റെ എല്ലാ രേഖകളും നിങ്ങളുടെ കൈവശമുണ്ട്. നിങ്ങളുടെ ഉദ്യോഗസ്ഥര്‍ മരിച്ചവരുടെ വീടുകളിലെത്തി നഷ്ടപരിഹാരത്തെ കുറിച്ച്‌ വിശദീകരിക്കണം. രജിസ്റ്റര്‍ ചെയ്ത മുഴുവനാളുകള്‍ക്കും ഉടന്‍ നഷ്ടപരിഹാരം നല്‍കണം.

കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. തുടര്‍വാദം അടുത്ത മാസം നാലിലേക്ക് മാറ്റി.

അനാഥരായ കുട്ടികള്‍

മഹാമാരിയില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ കണ്ടെത്തണം. ദേശീയ ശിശുക്ഷേമ കമ്മിഷന്റെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ ഇത്തരം കുട്ടികളുടെ വിവരങ്ങളുണ്ട്. അതുപയോഗിച്ച്‌ കുട്ടികളുടെ പേരില്‍ തന്നെ 50,000 രൂപ നല്‍കണമെന്നും കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ സത്യവാങ്‌മൂലം.

ധനസഹായത്തിന് അപേക്ഷിക്കേണ്ട പോര്‍ട്ടലിനെ കുറിച്ച്‌ മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കി. കളക്ടര്‍മാര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു.തദ്ദേശ സ്ഥാപനങ്ങള്‍, ആശാപ്രവര്‍ത്തകര്‍, റവന്യൂ ജീവനക്കാര്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ പ്രചാരണം നടത്തി. മരിച്ചയാളുടെ ബന്ധുക്കളെ അപേക്ഷ നല്‍കുന്നതിന് പ്രേരിപ്പിക്കാന്‍ ഏകോപനമുണ്ട്. അപേക്ഷകള്‍ സ്വീകരിക്കാന്‍ അദാലത്തുകള്‍ നടത്തി. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും യോഗങ്ങളില്‍ ധനസഹായ വിതരണം വിലയിരുത്തുന്നുണ്ട്. വിദേശത്ത് നമ്മുടെ പൗരന്മാരുടെ മരണങ്ങളും ധനസഹായത്തിന്റെ പരിധിയില്‍ വരണം.

”ജനങ്ങള്‍ തങ്ങളുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്തുകെട്ടിക്കിടക്കുന്നു എന്നാണ് എല്ലാ സംസ്ഥാനങ്ങളും കരുതുന്നത്. കൊവിഡ് മരണ നഷ്ടപരിഹാരമായി അന്‍പതിനായിരം രൂപ നല്‍കുന്നത് ഒരു ക്ഷേമരാഷ്‌ട്രം അവശ്യം ചെയ്യേണ്ട ക്ഷേമ പ്രവ‌ൃത്തിയാണ്. അത് ചുവപ്പു നാടയില്‍ കുരുങ്ങരുത്. സാങ്കേതിക കാരണത്താല്‍ ധനസഹായം തള്ളരുത്. അപേക്ഷ നിരസിക്കുന്നതിന്റെ എല്ലാ കാരണങ്ങളും രേഖപ്പെടുത്തണം. ”

–ജസ്റ്റിസ് എം. ആര്‍ ഷാ

നഷ്‌ടപരിഹാരം നല്‍കിയത് 23,652 അപേക്ഷകളില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് മൂലം 49300 പേര്‍ മരിച്ചെന്നും 23652 അപേക്ഷകളില്‍ നഷ്‌ടപരിഹാരം നല്‍കിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 2022 ജനുവരി 10 വരെയുള്ള കണക്കാണിത്. ജനുവരി അഞ്ചുവരെ ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കിയെന്നും പിന്നീട് ലഭിച്ചവ പരിശോധനാ ഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ആകെ മരണം: 49,300
നഷ്‌ടപരിഹാര അപേക്ഷകള്‍: 27,274
നഷ്‌ടപരിഹാരം നല്‍കിയത്: 23,652
തള്ളിയത്: 178
തിരിച്ചയച്ചത്: 891
പരിശോധനയില്‍: 2847

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!